ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ ഫോം തുടർന്ന് കേരളത്തിന്റെ ചുണക്കുട്ടികൾ. ഇന്ന് ഗോവയിൽ നടന്ന പോരാട്ടത്തിൽ പ്രതിരോധത്തിന് പേരുകേട്ട ചെന്നൈയിൻ വലയിൽ മൂന്നു ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് അടിച്ചു കൂട്ടിയത്.ബ്ലാസ്റ്റേഴ്‌സ് പണ്ടത്തെ കടങ്ങൾ പലിശ സഹിതം വീട്ടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കളിയിൽ എല്ലാ മേഖലയിലും പൂർണ ആധിപത്യംപുലർത്തിയ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഡയസ്, ലുണ , അൽവരോ വിദേശ ത്രയം മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം ക്ലീൻഷീറ്റും പരാജയം അറിയാത്ത തുടർച്ചയായ ആറാം മത്സരവുമാണിത്.
മുംബൈക്ക് എതിരെ 3-0ന് ജയിച്ച മത്സരത്തിൽ ഇറങ്ങിയ അതേ ഇലവനെ ആണ് ഇന്ന് ഇവാൻ വുകമാനോവിച് ഇറക്കിയത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചു.ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിലും പാസിംഗിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടി. അതിന് അധികം വൈകാതെ ഫലം ലഭിച്ചു. ഒമ്പതാം മിനിറ്റില്‍ ലാല്‍താംഗ ക്വാല്‍റിംഗിന്‍റെ പാസില്‍ നിന്ന് ചെന്നൈയിന്‍ വല കുലുക്കിയ ജോര്‍ജെ പേരേരെ ഡയസ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.മറുവശത്ത് ചെന്നൈയിന് കിട്ടിയ ഒരു നല്ല അവസരം ലോകോത്തര സേവിലൂടെ ഗിൽ സേവ് ചെയ്തു. ഒരു കൗണ്ടറിൽ കിട്ടിയ മറ്റൊരു അവസരമാകട്ടെ ജർമ്മൻ പ്രീത് നഷ്ടപ്പെടുത്തുകയും ചെയ്തു.എന്നാല്‍ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ബ്ലാസ്റ്റേഴ്സ് വീണ്ടും ആക്രമണങ്ങള്‍ മെനഞ്ഞതോടെ ചെന്നൈയിന്‍ പ്രതിരോധത്തിലും വിളളലുണ്ടായി.
28ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്ന് ജോര്‍ജെ ഡയസ് ഹെഡ്ഡ് ചെയ്ത പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തൊട്ടുപിന്നാലെ ബോക്സിനകത്തു നിന്ന് അഡ്രിയാന്‍ ലൂണ തൊടുത്ത ഷോട്ട് ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് രക്ഷപ്പെടുത്തി. 39ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടാം ഗോളും നേടി. സഹൽ അബ്ദുൽ സമദാണ് രണ്ടാം ഗോൾ നേടിയത്. സഹലിന്റെ ആദ്യ ഷോട്ട് ചെന്നൈയിൻ ഡിഫൻസ് തടഞ്ഞു എങ്കിലും റീബൗണ്ടിൽ മലയാളി താരം വല കണ്ടെത്തി. സഹലിന്റെ സീസണിലെ മൂന്നാം ഗോളാണ് ഇത്. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം ഗോളിന് ഒരു സുവർണ്ണാവസരം കിട്ടിയിരുന്നു. സഹലിന്റെ പാസിൽ നിന്ന് ഒറ്റക്ക് കുതിച്ച വാസ്കസിന്റെ ഷോട്ട് പക്ഷെ വിശാൽ തടഞ്ഞു.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. 51 ആം മിനുട്ടിൽ അഡ്രിയാൻ ലൂണ കൊടുത്ത പാസിൽ നിന്നും ജെസ്സെൽ കാർനെയ്‌റോയുടെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.ഫോർമേഷനിലെ മാറ്റം വരുത്തിയെങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനോ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും അടിക്കാമോ സാധിച്ചില്ല. മൂന്നാമത്തെ ഗോൾ നേടാനുള്ള കഠിന ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.79 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോൾ നേടി.അഡ്രിയാൻ ലൂണ ബോക്‌സിന്റെ അരികിൽ നിന്ന് മികച്ചൊരു സ്‌ട്രൈക്കിൽ നിന്നാണ് ഗോൾ കണ്ടെത്തിയത്. അവസാന പത്തു മിനുട്ടിൽ ആശ്വാസ ഗോൾ നേടാൻ ചെന്നൈ ശ്രമം നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ബേധിക്കാനായില്ല.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. രണ്ടാമതുള്ള ജംഷദ്പൂരിനും 12 പോയിന്റ് ആണ്. ഗോൾ ഡിഫറൻസില്ലും കേരളവും ജംഷദ്പൂരും ഒപ്പമാണ്. കൂടുതൽ ഗോൾ അടിച്ചത് കൊണ്ടണ് ജംഷദ്പൂർ രണ്ടാമത് നിൽക്കുന്നത്. ഇന്ന് പരാജയപ്പെട്ട ചെന്നൈയിൻ 11 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്.