𝐓𝐡𝐞 𝐀𝐫𝐭 𝐎𝐟 𝐏𝐥𝐚𝐲𝐦𝐚𝐤𝐢𝐧𝐠 : മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയുടെ ഹൃദയമായ ക്രിസ്റ്റ്യൻ എറിക്‌സൻ |CHRISTIAN ERIKSEN

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമായിരുന്നു. വലിയൊരു ആശങ്കയോടെയാണ് ആരാധകർ പോഗ്ബ ക്ലബ് വിട്ടുപോകുന്നതിനെ കണ്ടത്. യുണൈറ്റഡിൽ ഫ്രഞ്ച് താരത്തിന് പകരം ആരെത്തും എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു വരികയും ചെയ്തു. ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്ത്യൻ എറിക്സണെയാണ് പോഗ്ബക്ക് പകരമായി യുണൈറ്റഡ് കൊണ്ടുവന്നത്.

യുണൈറ്റഡ് പോലെയുള്ള ഒരു ക്ലബ്ബിൽ ഡാനിഷ് മിഡ്ഫീൽഡർക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന ചോദ്യങ്ങൾ ഉയർന്നു വരുകയും ചെയ്തു. എന്നാൽ നഷ്ടപ്പെട്ടുപോയ കരിയർ എന്ത് വിലകൊടുത്തും തിരിച്ചു പിടിക്കുക എന്ന വലിയ ലക്ഷ്യവുമായാണ് 30 കാരൻ ഓൾഡ്‌ട്രാഫൊഡിലേക്ക് വണ്ടി കയറിയത്.തന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വിധിയെ പോലും പരാജയപ്പെടുത്തി ജീവിതത്തിലേക്കും കളിക്കളത്തിലേക്കും മടങ്ങിയെത്തിയ പോരാളി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഗിലെ തിരിച്ചു വരവിൽ പ്രധാന താരമായി മാറിയിരിക്കുകയാണ്. പോഗ്ബ ഒഴിഞ്ഞിട്ട സ്ഥാനത്തിൽ ഞാൻ എന്ത്കൊണ്ടും യോഗ്യനാണെന്ന് കുറഞ്ഞ മത്സരങ്ങൾകൊണ്ട് തന്നെ എറിക്‌സൺ തെളിയിച്ചിരിക്കുകായണ്‌.

പോഗ്ബയുടെ ക്വാളിറ്റി അറിയാവുന്ന യുണൈറ്റഡ് താരത്തെ നിലനിർത്താനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാൽ തന്റെ പഴയ തട്ടകമായ യുവന്റസിലേക്ക് ചേക്കേറാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.ടെക്‌നിക്, ലോംഗ് റേഞ്ച് പാസിംഗ്,ലോങ്ങ് റേഞ്ച് ഗോളുകൾ നേടാനുളള കഴിവ്, ആത്മവിശ്വാസം,പ്ലെ മേക്കിങ് എന്നിവയെല്ലാംകൊണ്ട് യുണൈറ്റഡിന് മിഡ്‌ഫീൽഡിന് ആവശ്യമായതെല്ലാം ഫ്രഞ്ച് താരത്തിന് ഉണ്ടായിരുന്നു. പകരം വരുന്ന താരത്തിനും അതെ ഗുണങ്ങൾ വേണമെന്ന നിർബന്ധം യൂണൈറ്റഡിനും ഉണ്ടായിരുന്നു, എന്നാൽ പ്രീമിയർ ലീഗിലെ കുറച്ചു മത്സരങ്ങൾകൊണ്ട് തന്നെ ആ ഗുണങ്ങൾ ഉള്ള താരമാണ് ഞാനെന്ന് എറിക്സൺ കാണിച്ചു തന്നിരിക്കുകയാണ്.

മോശം നിലവാരമുള്ള ടീമംഗങ്ങൾ, അണ്ടർവെൽമിംഗ് കോച്ചുകൾ, മിഡ്ഫീൽഡിലെ തനിക് അനുയോജ്യമല്ലാത്ത സ്ഥലത്ത് കളിപ്പിക്കാൻ എന്നിവയെല്ലാം പോഗ്ബയുടെ അവസാന സമയത്ത് പ്രകടനത്തിൽ ഇടിവ് വരുത്തിയിരിക്കുന്നു.2022-23-ൽ യുണൈറ്റഡിന്റെ മധ്യനിരയെ നയിക്കാൻ ടെൻ ഹാഗ് ലക്ഷ്യമിട്ടിരുന്നത് ഡി ജോങ്ങിനെയായിരുന്നു. എന്നാൽ ബാഴ്സയിൽ നിന്നും ഡച്ച് താരം വാരത്തോടെ ഇംഗ്ലീഷ് ക്ലബിന് വേറെ വഴി നോക്കേണ്ടി വന്നു. റയൽ മാഡ്രിഡിൽ നിന്നും ബ്രസീലിയൻ താരം കാസെമിറോ എത്തുന്നതിന് മുമ്പ് യുണൈറ്റഡ് എറിക്സനെ സ്വന്തമാക്കി. ഒരു ഫ്രീ ട്രാൻസ്ഫറിൽ ആണ് താരം എത്തിയത്.

എറിക്‌സന്റെ സാങ്കേതികത യുണൈറ്റഡിന്റെ മിഡ്ഫീൽഡിന് പുതിയ താളം നൽകുന്നുണ്ട്. പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെയും ആഴ്സനലിനെതിരെയുലുള്ള മത്സരങ്ങളിലെ വിജയത്തിൽ എറിക്‌സൺ എഫ്ഫക്റ്റ് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. ഇന്നലെ യൂറോപ്പ ലീഗിൽ ഷെരീഫിനെതിരെ കൊടുത്ത അസിസ്റ്റ് ടീമിന്റെ വിജയത്തിൽ നിർണായകമായി. കൂടാതെ മുന്നേറ്റ നിര താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ആന്റണി, ജാഡോൺ സാഞ്ചോ, മാർക്കസ് റാഷ്‌ഫോർഡ് എന്നിവരുടൊപ്പമുള്ള കമ്മ്യൂണിക്കേഷൻ മികച്ചതാക്കാനും സാധിച്ചു.പ്രതീർഥത്തിൽ ലിസാൻഡ്രോ മാർട്ടിനെസും റാഫേൽ വരാനെക്കും സഹായവുമായി ഡാനിഷ് താരം പലപ്പോഴും എത്തുന്നത് കാണാം.

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തന്റെ കരിയറിലെ എട്ട് മത്സരങ്ങളാണ് എറിക്‌സൻ കളിച്ചിട്ടുള്ളത്. പോഗ്ബയുടെ യുണൈറ്റഡ് തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡാനിഷ് താരത്തിന്റെ പ്രകടനം കുറച്ചു മുന്നിട്ട് നിൽക്കുന്നത് കാണാൻ സാധിക്കിക്കും. ടെൻ ഹാഗിന്റെ ശൈലിയുമായി പെട്ടെന്ന് പൊരുത്തപെട്ട എറിക്സണ് മുന്നിൽ വലിയ ലക്ഷ്യങ്ങളാണുള്ളത്. ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായി തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് എത്താൻ സാധിക്കുകയും ചെയ്തു.

കഴിഞ്ഞ യൂറോ കപ്പിനിടെയുണ്ടായ കാര്‍ഡിയാക് അറസ്റ്റായിരുന്നു താരത്തിന്റെ കരിയറില്‍ കാര്യമായ മാറ്റം വരുത്തിയത്. യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞ് വീണ എറിക്‌സണെ ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയായിരുന്നു. പിന്നീട് ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു താരം ആശുപത്രി വിട്ടത്. ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിച്ചതാണ് താരത്തിന്റെ കരിയറിന് ബ്രേക്ക് വരാന്‍ കാരണമായത്.

ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിക്കുന്ന താരങ്ങളെ ഇറ്റാലിയന്‍ ലീഗില്‍ കളിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന കാരണത്താല്‍ താരത്തിന്റെ അന്നത്തെ ക്ലബായിരുന്ന ഇന്റര്‍ മിലാനും എറിക്‌സണും തമ്മില്‍ പരസ്പരസമ്മതപ്രകാരം വഴി പിരിയുകയായിരുന്നു.പിന്നീട് പ്രീമിയര്‍ ലീഗ് ക്ലബായ ബ്രന്റ്‌ഫോര്‍ഡിലാണ് എറിക്‌സണ്‍ എത്തിയത്. അവിടെ നിന്നാണ് താരം യൂണൈറ്റഡിലേക്കെത്തുന്നത്.

Rate this post
Christian EriksenManchester United