സൂപ്പർതാരം കിലിയൻ എംബാപ്പെ കഴിഞ്ഞ ദിവസം പിഎസ്ജിക്കെതിരെ നടത്തിയ വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ഫ്രാൻസിന്റെ മുൻ താരമായ ക്രിസ്റ്റഫെ ഡുഗറി. സീസൺ ടിക്കറ്റിന്റെ പ്രൊമോഷണൽ വീഡിയോ തന്നെ മാത്രം കേന്ദ്രീകരിച്ച് ഇറക്കിയതിനെ തുടർന്നാണ് എംബാപ്പെ പിഎസ്ജിക്കെതിരെ ഇൻസ്റ്റഗ്രാമിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്.
വീഡിയോയുടെ ഉള്ളടക്കം തന്നെ അറിയിച്ചില്ലെന്നു പറഞ്ഞ എംബാപ്പെ പിഎസ്ജി ടീമിന്റെ പേര് കിലിയൻ സെയിന്റ് ജർമനല്ലെന്നും കുറിച്ചിരുന്നു. എന്നാൽ ഇതുപോലെയൊരു വിഷയം വളരെ എളുപ്പത്തിൽ ആഭ്യന്തരമായി പരിഹരിക്കാമെന്നിരിക്കെ സോഷ്യൽ മീഡിയ വഴി പ്രതിഷേധിക്കേണ്ട ആവശ്യം എംബാപ്പെക്കുണ്ടായിരുന്നില്ലെന്നാണ് ലോകകപ്പ് നേടിയിട്ടുള്ള താരമായ ഡുഗറി പറയുന്നത്.
“എംബാപ്പെക്ക് മുന്നറിയിപ്പ് നൽകണമെന്നത് ശരിയാണ്, പക്ഷെ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിക്കാനുള്ള പ്രശ്നം ഇതിലുണ്ടോ, ബോർഡിനെ വിളിച്ച് ആഭ്യന്തരമായി പരിഹരിക്കാൻ കഴിയുന്ന ഒന്നായിരുന്നു ഇത്. താരം നൽകിയ സന്ദേശം തന്നെ എനിക്ക് മനസിലായില്ല. എല്ലാ അഹംഭാവവും ഒന്ന് നിർത്തൂ. ക്ലബ് ഒന്നിന് പിറകെ ഒന്നായി മത്സരങ്ങൾ തോറ്റു കൊണ്ടിരിക്കുകയാണ്.”
“കളിക്കളത്തിൽ നിങ്ങളുടെ മൂല്യം തെളിയിക്കൂ, അത്രയും ഉയർന്ന പ്രതിഫലമാണ് വാങ്ങുന്നത്. നിങ്ങൾ തന്നെ ഒരു പരസ്യത്തിന് അനുമതി നൽകിയില്ലെന്നു പറഞ്ഞ് നിങ്ങൾ ബോർഡിനെതിരെ തിരിയേണ്ട കാര്യമില്ല, ആരാണിതു ശ്രദ്ധിക്കാൻ പോകുന്നത്. ലോകത്തെ മുഴുവൻ അറിയിക്കുന്നതിന് പകരം ബോർഡിനോട് സംസാരിച്ച് തീർക്കുകയായിരുന്നു വേണ്ടത്, ഇത് മോശമായി പോയി.” അദ്ദേഹം പറഞ്ഞു.
പിഎസ്ജി ടീമിൽ നിരവധി സൂപ്പർതാരങ്ങളുണ്ടെങ്കിലും അവരിൽ ആരേയും ഉൾപ്പെടുത്താൻ ക്ലബ് തയ്യാറായില്ല. എംബാപ്പെക്ക് ക്ലബിൽ നിരവധി അധികാരം നൽകിയിട്ടുണ്ടെന്ന് അഭ്യൂഹങ്ങളുടെ ഇടയിലാണിതുണ്ടായത്. അതേസമയം ക്ലബിനെതിരെ താരം തന്നെ രംഗത്ത് വന്നത് പിഎസ്ജിയിൽ എംബാപ്പെ തൃപ്തനല്ലെന്ന വാദങ്ങൾ ശക്തമാക്കിയിട്ടുണ്ട്.