ലിയോ മെസ്സിയുടെ ഫ്രീകിക്ക് ഗോളിനെക്കുറിച്ച് പ്രതികരണവുമായി ക്രിസ്റ്റോഫ് ഗാൽറ്റിയർ

ഇന്നലെ ലീഗ് വണ്ണിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ പാരിസ് സെന്റ് ജെർമെയ്‌നിന് മികച്ച വിജയം നേടിയിരുന്നു.പാർക്ക് ഡെസ് പ്രിൻസസിൽ പിഎസ്ജിയും ലില്ലെയും തമ്മിൽ നടന്ന മത്സരത്തിൽ ആതിഥേയർ 4-3ന് ജയിച്ചു. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളാണ് പിഎസ്ജിയെ വിജയത്തിലെത്തിച്ചത് .ഇരുവശത്തേക്കും വിജയസാധ്യതകൾ അങ്ങോട്ടും ഇങ്ങോട്ടും പോയ മത്സരത്തിൽ 95-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോൾ പിഎസ്ജിക്ക് വിജയം സമ്മാനിച്ചു.

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം വിജയം മാത്രം ലക്ഷ്യമിട്ടാണ് പാരിസ് സെന്റ് ജെർമെയ്ൻ ഇന്ന് കളത്തിലിറങ്ങിയത്. തുടക്കത്തിലേ കൈലിയൻ എംബാപ്പെയും നെയ്‌മറും സ്‌കോർ ചെയ്തതോടെ പിഎസ്ജി അനായാസം ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മൂന്ന് ഗോളുകൾക്ക് തിരിച്ചടിച്ച് ലില്ലെ പിഎസ്ജിയെ ഞെട്ടിച്ചു.

പിന്നീട് കൈലിയൻ എംബാപ്പെ ഗോൾ നേടിയപ്പോൾ സമനിലയോടെ രക്ഷപ്പെടുമെന്ന് പിഎസ്ജി കരുതി. എന്നാൽ ഇഞ്ചുറി ടൈമിൽ ലയണൽ മെസ്സിയുടെ തകർപ്പൻ ഫ്രീകിക്ക് ഗോൾ കളി മാറ്റിമറിക്കുന്ന നിമിഷമായി മാറി. പാർക്ക് ഡെസ് പ്രിൻസസ് അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു. പിഎസ്ജിയുടെയും ലയണൽ മെസിയുടെയും ആരാധകരെല്ലാം ആർത്തുവിളിച്ചു.

ലയണൽ മെസിയുടെ ആ ഗോളിന് ശേഷം പാരീസ് സെന്റ് ജെർമെയ്ൻ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ പോലും ടീമിനൊപ്പം ആഘോഷിച്ചു. “മുമ്പത്തെപ്പോലെ മെസ്സി ഞങ്ങളെ രക്ഷിച്ചു,” മത്സരശേഷം മെസ്സിയുടെ ഗോളിനെക്കുറിച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ പറഞ്ഞു.കൈലിയൻ എംബാപ്പെ, നെയ്മർ, ലിയോ മെസ്സി എന്നിവർ മത്സരത്തിൽ ഗോൾ നേടിയത് പിഎസ്ജിക്ക് ശുഭസൂചനയാണ്.