ചാമ്പ്യൻസ് ലീഗിലെ 16-ാം റൗണ്ട് മത്സരത്തിന്റെ ആദ്യ പാദത്തിൽ ക്രോയേഷ്യൻ ഡിഫൻഡർ ജോസ്കോ ഗ്വാർഡിയോൾ നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ലൈപ്സിഗ്.27-ാം മിനിറ്റിൽ ലീപ്സിഗിന്റെ പിഴവിൽ റിയാദ് മഹ്റസ് സിറ്റിയെ മുന്നിലെത്തിച്ചിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ സിറ്റിക്ക് കളിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ലെപ്സിഗ് കൂടുതൽ ഭീഷണി ഉയർത്തുകയും മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി എഴുപതാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഗ്വാർഡിയോൾ ജർമൻ ക്ലബ്ബിന്റെ സമനില ഗോൾ നേടി.ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം വന്നില്ല. മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ മാൻ സിറ്റിക്ക് ഹോം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ വിജയം നേടേണ്ടി വരും.
മറ്റൊരു മത്സരത്തിൽ പകരക്കാരനായ റൊമേലു ലുക്കാക്കു 86-ാം മിനിറ്റിൽ നേടിയ ഗോളിൽ ഇന്റർ മിലാൻ പോർട്ടോയെ പരാജയപ്പെടുത്തി. 13 ആം മിനുട്ടിൽ തന്നെ ലൗടാരോ മാർട്ടിനെസിന് ഇന്ററിനെ മുന്നിലെത്തിക്കാമായിരുന്നു, പക്ഷേ ബോക്സിനുള്ളിൽ നിന്നുള്ള താരത്തിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി.ആദ്യ പകുതിയുടെ അവസാന സമയത്ത് അലസ്സാൻഡ്രോ ബാസ്റ്റോണി ഇന്ററിന് ലീഡ് നൽകുന്നതിന് അടുത്തിരുന്നു.
എന്നാൽ പോർട്ടോ കീപ്പർ ഡിയോഗോ കോസ്റ്റ വിദഗ്ധമായി അദ്ദേഹത്തിന്റെ ഡൗൺവേർഡ് ഹെഡ്ഡർ രക്ഷപ്പെടുത്തി. 78 ആം മിനുട്ടിൽ ഹകാൻ കൽഹനോഗ്ലുവിനെതിരായ ഫൗളിൽ പോർട്ടോ താരം ഒട്ടാവിയോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.ചാമ്പ്യൻസ് ലീഗ് നോക്കൗട്ട്-സ്റ്റേജ് ടൈകളിലെ തുടർച്ചയായ നാല് ഫസ്റ്റ് ലെഗ് തോൽവികൾക്ക് ശേഷമായിരുന്നു ഇന്ററിന്റെ ഈ വിജയം.മാർച്ച് 14ന് രണ്ടാം പാദം നടക്കും.