മൂന്ന് കിരീടങ്ങൾക്കായുള്ള പോരാട്ടത്തിലാണെങ്കിലും മാർച്ച് 31 ന് ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാഞ്ചസ്റ്റർ സിറ്റി ബോസ് പെപ് ഗ്വാർഡിയോള പറഞ്ഞു. എഫ്എ കപ്പിൻ്റെ സെമി ഫൈനലിൽ കടന്ന സിറ്റി ചെൽസിയെയും ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെയും നേരിടും.
ഐക്കണിക് വെംബ്ലി സ്റ്റേഡിയത്തിൽ രണ്ട് ഫൈനലുകളിൽ എത്താൻ ഇത് അവർക്ക് അവസരം നൽകുന്നുണ്ട്. എന്നാൽ ഗാർഡിയോള കൂടുതൽ പ്രാധാന്യം നൽകുന്നത് പ്രീമിയർ ലീഗിനാണ്.സിറ്റിയുടെ വെബ്സൈറ്റിനോട് സംസാരിച്ച ഗാർഡിയോള ആഴ്സണലിനെതിരായ മത്സരം ഒരു ഫൈനൽ പോലെയായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
“ഞങ്ങൾക്ക് ആഴ്സണലിനെതിരെ ഒരു ഫൈനൽ ഉണ്ട്” സിറ്റി പരിശീലകൻ പറഞ്ഞു.താൻ അന്താരാഷ്ട്ര മത്സരങ്ങൾ കാണില്ലെന്നും ടീമുമായി കൂടിക്കാഴ്ചയ്ക്ക് മുമ്പ് വിശ്രമിക്കുമെന്നും ഗാർഡിയോള പറഞ്ഞു. അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം തൻ്റെ കളിക്കാർ ഫിറ്റാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിറ്റി ബോസ് പറഞ്ഞു.
നിലവിൽ പ്രീമിയർ ലീഗ് പോയിൻ്റ് പട്ടികയിൽ ആഴ്സണലിനും ലിവർപൂളിനും പിന്നിൽ മൂന്നാമതാണ് സിറ്റി. സീസൺ അവസാനിക്കാൻ 10 മത്സരങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ ഗണ്ണേഴ്സിനെതിരെ എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഗാർഡിയോളയ്ക്കും കൂട്ടർക്കും ഏറെ പ്രാധാന്യമുള്ളതാണ്.