മാഞ്ചസ്റ്റർ സിറ്റി ഒഴിവാക്കാൻ ശ്രമിക്കുന്ന അർജന്റീന പ്രതിരോധതാരം നിക്കൊളാസ് ഒട്ടമെൻഡിയെ റാഞ്ചാൻ യൂറോപ്പിലെ വമ്പൻ ക്ലബുകൾ രംഗത്ത്. നിലവിൽ പുറത്തു വരുന്ന വിവിധ റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ വമ്പന്മാരയ ഇന്റർ മിലാനും പോർച്ചുഗീസ് ചാമ്പ്യന്മാരായ പോർട്ടോയും താരത്തിനായി രംഗത്തുണ്ട്. എന്നാൽ ഒട്ടമെൻഡിയെ വെച്ച് സെവിയ്യ താരം ജൂൾസ് കൂണ്ടെയെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പദ്ധതി.
ഇരുപത്തിയൊന്നുകാരനായ ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ സിറ്റി ദിവസങ്ങളായി നീക്കങ്ങൾ നടത്തുകയാണ്. എന്നാൽ 65 മില്യൺ യൂറോയാണ് താരത്തിനായി സെവിയ്യ ആവശ്യപ്പെടുന്നത്. മുപ്പത്തിരണ്ടുകാരനായ ഒട്ടമെൻഡിയേയും നിശ്ചിത തുകയും നൽകി കൂണ്ടെയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് സിറ്റി നടത്തുന്നത്.
അഞ്ചു വർഷത്തെ സിറ്റി കരിയറിനിടയിൽ 210 മത്സരങ്ങളോളം ഒട്ടമെൻഡി കളിച്ചിട്ടുണ്ട്. രണ്ടു പ്രീമിയർ ലീഗുൾപ്പെടെ ഏഴു കിരീടങ്ങൾ സിറ്റിക്കു വേണ്ടി സ്വന്തമാക്കിയ താരത്തിനു പക്ഷേ നിലവിൽ സിറ്റിയിൽ അവസരങ്ങൾ കുറവാണ്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ജോൺ സ്റ്റോൺസിനെയും ഹോളണ്ട് താരം ആക്കെയെയുമാണ് ഗാർഡിയോള പ്രതിരോധത്തിൽ പരീക്ഷിച്ചത്.
അതേ സമയം കഴിഞ്ഞ സീസണിൽ സിറ്റിക്കു പണി നൽകിയ പ്രതിരോധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂണ്ടെക്കു വേണ്ടി ശ്രമങ്ങൾ നടത്തുന്നത്. റയലിനും ബാഴ്സക്കും താൽപര്യമുള്ള കൂണ്ടെ കഴിഞ്ഞ സീസണിൽ സെവിയ്യയെ യൂറോപ്പ ലീഗ് കിരീടത്തിലേക്കു നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.