പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ഈ വരുന്ന സീസണിലേക്ക് പ്രതിരോധം ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളുമാണ് നടത്തുന്നത്. പലപ്പോഴും മികച്ച മധ്യനിരയും മുന്നേറ്റനിരയും ഡിഫൻസ് കാരണം ഗോൾ വഴങ്ങുന്നത് പെപ്പിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനാൽ തന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സിറ്റി ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച താരം നാപോളിയുടെ കൂലിബലിയായിരുന്നു. താരത്തിന് വേണ്ടി സിറ്റി ശ്രമങ്ങൾ ആരംഭിച്ചിട്ട് നാളുകൾ കുറെയായി.
എന്നാൽ കൂടുതൽ പണം ആവിശ്യപ്പെടുകയാണ് നാപോളി ചെയ്തത്. ഇതോടെ ചർച്ചകൾ ഏറെക്കുറെ തണുത്ത മട്ടാണ്. ഇപ്പോഴിതാ മറ്റൊരു താരത്തെ ലക്ഷ്യം വെച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. മറ്റാരുമല്ല അത്ലറ്റികോ മാഡ്രിഡിന്റെ ഉറുഗ്വൻ സെന്റർ ബാക്ക് ജോസെ മരിയ ജിമിനെസിനെയാണ് സിറ്റി നോട്ടമിട്ടിരിക്കുന്നത്. എന്നാൽ സിറ്റിക്ക് കാര്യങ്ങൾ എളുപ്പമല്ല എന്ന് വ്യക്തം. എന്തെന്നാൽ സിറ്റിയുടെ ആദ്യത്തെ വമ്പൻ ഓഫർ തന്നെ അത്ലറ്റികോ മാഡ്രിഡ് തള്ളികളഞ്ഞു.
താരത്തിന് വേണ്ടി എഴുപത് മില്യൺ യുറോയായിരുന്നു മാഞ്ചസ്റ്റർ സിറ്റി അത്ലറ്റികോ മാഡ്രിഡിന് വാഗ്ദാനം ചെയ്തത്. എന്നാൽ സ്പാനിഷ് വമ്പൻമാർ ഇത് തള്ളികളയുകയായിരുന്നു. താരത്തെ വിൽക്കാൻ താല്പര്യമില്ല എന്നാണ് അത്ലറ്റികോ മാഡ്രിഡിന്റെ ഇപ്പോഴത്തെ നിലപാട്. ദി സൺ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2013 മുതൽ അത്ലറ്റികോ മാഡ്രിഡിനൊപ്പമുള്ള താരമാണ് ജിമിനെസ്. താരത്തെ കൈവിടാൻ ഒരുക്കമല്ല എന്ന് തന്നെയാണ് ലാലിഗ വമ്പൻമാരുടെ നിലപാട്.
അതേ സമയം അത്ലറ്റികോ മാഡ്രിഡിന്റെ ക്രോയേഷ്യൻ സ്ട്രൈക്കെർ നികോള കാലിനിച്ചിനെ അത്ലറ്റികോ മാഡ്രിഡ് കൈവിട്ടേക്കും. സ്ട്രൈക്കെറായ താരത്തെ ടീമിൽ എത്തിക്കാൻ ബെസിക്ടാസ് ശ്രമങ്ങൾ നടത്തുന്നുണ്ട്. താരത്തിന് വേണ്ടിയുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.