റഫറിയെ മർദിച്ച് ക്ലബ് പ്രസിഡന്റ്, ടർക്കിഷ് ലീഗ് നിർത്തിവെച്ചു | Turkish league

ഫുട്ബോൾ ലോകത്ത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് തുർക്കിഷ് ലീഗിൽ അരങ്ങേറിയത്. റഫറിയെ ക്ലബ് പ്രസിഡന്റ് മൈതാനത്തിറങ്ങി ആക്രമിച്ചതിനെത്തുടർന്ന് എല്ലാ മത്സരങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ലീഗ് അധികൃതർ തീരുമാനിചിരിക്കുകയാണ്.

റഫറി ഹലീൽ ഉമുത് മെലറെ അങ്കാരാഗുകു പ്രസിഡന്റ് ഫാറൂക്ക് കോക്ക ആക്രമിക്കുകയായിരുന്നു.തുർക്കിഷ് ലീഗിൽ നടന്ന അങ്കരഗുച്ചു vs റിസസ്പോർ മത്സരം അവസാനിച്ചത് കയ്യാങ്കളിയിലാണ്. രണ്ട് റെഡ് കാർഡുകൾ കണ്ട മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ഹോം ടീമിനെതിരെ അവസാന നിമിഷമാണ് റിസസ്പോർ സമനില ഗോൾ സ്വന്തമാക്കിയത്. റിസസ്പോർ 97-ാം മിനിറ്റിൽ ഗോൾ നേടി സമനില നേടിയതിനു തൊട്ടുപിന്നാലെയാണ് സംഭവം.

മത്സരം അവസാനിച്ചതിന് പിന്നാലെ റഫറിക്ക് നേരെ പാഞ്ഞടുത്ത ഹോം ടീമിന്റെ ക്ലബ്ബ് പ്രസിഡന്റ് റഫറിയുടെ മുഖത്ത് ഇടിച്ചതോടെയാണ് കയ്യാങ്കളി ആരംഭിച്ചത്. ഇതിന് പിന്നാലെ വന്ന ടീം താരങ്ങളും ഒഫീഷ്യൽസും റഫറിയെ മർദ്ദിക്കുകയായിരുന്നു.ഇടി കൊണ്ട് നിലത്തുവീണ റഫറിയെ കാൽ കൊണ്ട് തൊഴുതും ചവിട്ടിയും ഹോം ടീമിന്റെ ഒഫീഷ്യൽസ് മർദ്ദിച്ചു. ആക്രമണത്തിന് പിന്നാലെ ടർക്കിഷ് ഫുട്ബോൾ ഫെഡറേഷൻ (ടിഎഫ്എഫ്) ചെയർമാൻ മെഹ്മെത് ബുയുകെക്സി എല്ലാ ലീഗ് മത്സരങ്ങളും അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.

ആക്രമണത്തെ “തുർക്കി ഫുട്ബോളിന് നാണക്കേടിന്റെ രാത്രി” എന്ന് വിശേഷിപ്പിച്ചു.ആഭ്യന്തര മന്ത്രി അലി യെർലികായ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ആക്രമണത്തിൽ ഉൾപ്പെട്ട നിരവധി വ്യക്തികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഫിഫയ്‌ക്കായി അന്താരാഷ്ട്ര ഗെയിമുകൾ നിയന്ത്രിക്കുകയും യുവേഫയുടെ എലൈറ്റ് റഫറി ലിസ്റ്റിന്റെ ഭാഗമാകുകയും ചെയ്ത റഫറിയാണ് മെലർ.തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ആക്രമണത്തെ അപലപിച്ചു.മേലെർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് അദ്ദേഹം ആശംസകൾ പ്രകടിപ്പിച്ചു.

Rate this post