ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി നേരിട്ടതിനു പിന്നാലെ അർജന്റീന ടീമിൽ മാറ്റങ്ങൾ വരുത്താൻ പരിശീലക ലയണൽ സ്‌കലോണി ഒരുങ്ങുന്നു. ഒരു ഗോളിന് മുന്നിൽ നിന്നതിനു ശേഷം രണ്ടു ഗോളുകൾ വഴങ്ങി അർജന്റീന തോറ്റത് ടീമിന് വലിയ ഞെട്ടലായിരുന്നു. അടുത്ത രണ്ടു മത്സരങ്ങളും വിജയിച്ചേ തീരുവെന്ന സാഹചര്യത്തിലാണ് മെക്‌സിക്കോക്കെതിരെ അർജന്റീന ടീമിൽ മാറ്റങ്ങൾ കൊണ്ടു വരുന്നത്.
പ്രതിരോധത്തിലാണ് ഒരു പ്രധാനപ്പെട്ട മാറ്റമുണ്ടാവുക. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങുകയും രണ്ടാം പകുതിയിൽ പിൻവലിക്കപ്പെടുകയും ചെയ്‌ത ക്രിസ്റ്റ്യൻ റൊമേറോക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിസാൻഡ്രോ മാർട്ടിനസ് ആയിരിക്കും നിക്കോളാസ് ഓട്ടമെൻഡിയുടെ കൂടെ ഇറങ്ങുക. ഇതിനു പുറമെ ഫുൾ ബാക്കുകളെയും സ്‌കലോണി മാറ്റിയേക്കും. ചിലപ്പോൾ ഒരു ഫുൾ ബാക്കിനെ മാറ്റുകയോ ചിലപ്പോൾ രണ്ടു പേരെയും മാറ്റുകയോ ചെയ്തേക്കാം.
ഫുൾ ബാക്കുകളെ മാറ്റുകയാണെങ്കിൽ മോളിനക്ക് പകരം മോണ്ടിയലും ടാഗ്ലിയാഫിക്കോക്ക് പകരം മാർക്കോസ് അക്യൂനയും ടീമിലിടം പിടിക്കും. മധ്യനിരയിലെ പ്രധാനപ്പെട്ട മാറ്റമുണ്ടായേക്കും. അലസാന്ദ്രോ പപ്പു ഗോമസിനു പകരം മാക് അലിസ്റ്ററോ എൻസോ ഫെർണാണ്ടസൊ ആയിരിക്കും ഇറങ്ങുക. മുന്നേറ്റനിരയിൽ പരിശീലകൻ മാറ്റങ്ങൾ കൊണ്ടു വരാനുള്ള സാധ്യതയില്ല. തന്ത്രങ്ങൾ പുതുക്കിപ്പണിത് ഇനിയുള്ള രണ്ടു മത്സരങ്ങളിലും വിജയം നേടാൻ കഴിയുമെന്നാണ് അർജന്റീന പ്രതീക്ഷിക്കുന്നത്.
Possible changes for Argentina vs. Mexico at World Cup. https://t.co/coE3JyGMNl pic.twitter.com/hCchcEKamA
— Roy Nemer (@RoyNemer) November 23, 2022
അടുത്ത മത്സരത്തിൽ മെക്‌സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ. വേഗതയേറിയ ഗെയിം കളിക്കുന്ന മെക്‌സിക്കോ അർജന്റീനക്ക് എന്നും തലവേദന ഉണ്ടാക്കുന്ന ടീം തന്നെയാണ്. ഈ മത്സരത്തിലും വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ലോകകപ്പിൽ നിന്നും പുറത്താകുന്നതിന്റെ വക്കിലാകും അർജന്റീന ടീം.