ഇന്നലെ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കരുത്തരായ എസി മിലാൻ അട്ടിമറി തോൽവിയേറ്റുവാങ്ങിയിരുന്നത്. ഫ്രഞ്ച് ക്ലബായ ലില്ലെ ആയിരുന്നു മിലാനെ അട്ടിമറിച്ചത്. ലില്ലെ താരം യുസുഫ് യസിചിയുടെ ഹാട്രിക്കാണ് മിലാന് നാണംകെട്ട തോൽവി സമ്മാനിച്ചത്.
ഈ സീസണിൽ എസി മിലാൻ വഴങ്ങുന്ന ആദ്യ തോൽവിയാണിത്. മാത്രമല്ല ഇരുപതോളം മത്സരങ്ങൾ അപരാജിതരായി തുടർന്നതിന് ശേഷമാണ് എസി മിലാൻ ലില്ലെക്ക് മുന്നിൽ തകർന്നടിഞ്ഞത്. സിരി എയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് മിലാൻ ഇത്തരത്തിലുള്ള ഒരു തോൽവി വഴങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മത്സരത്തിനിടെ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ഭാഗത്തു നിന്നുണ്ടായ ആംഗ്യങ്ങൾ വളരെയധികം ചർച്ചയായിരിക്കുകയാണിപ്പോൾ.
58-ആം മിനിറ്റിൽ യുസുഫ് മൂന്നാം ഗോളും കണ്ടെത്തുന്നത്. തുടർന്ന് 62-ആം മിനുട്ടിൽ ഇബ്രാഹിമോവിച്ചിനെ പരിശീലകൻ സ്റ്റെഫാനോ പിയോലി പിൻവലിക്കുകയായിരുന്നു. തുടർന്ന് ആന്റെ റെബിച്ചിനെ ഇറക്കുകയും ചെയ്തു. എന്നാൽ ഈ തീരുമാനം സ്ലാട്ടന് ഇഷ്ടപ്പെട്ടില്ല. നടന്നു പോകുന്ന സമയത്ത് പരിശീലകന്റെ പിന്നിൽ നിന്ന് ‘ അദ്ദേഹത്തിന് ഭ്രാന്താണ് ‘ എന്ന രൂപത്തിൽ ആംഗ്യവിക്ഷേപങ്ങൾ കാണിക്കുകയായിരുന്നു. ഇതാണിപ്പോൾ ചർച്ചയായിരിക്കുന്നത്.
സ്ലാട്ടൻ വന്നതിന് ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു തോൽവി മിലാന് നേരിടേണ്ടി വരുന്നത്. ഈ സീസണിലും മിന്നും ഫോമിലാണ് സ്ലാട്ടൻ കളിക്കുന്നത്. കേവലം നാലു സിരി എ മത്സരങ്ങൾ കളിച്ച സ്ലാട്ടൻ ഏഴ് ഗോളുകളും ഒരു അസിസ്റ്റുമാണ് സ്വന്തം പേരിൽ കുറിച്ചത്. സിരി എയിൽ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും ഒരു സമനിലയുമായി പതിനാറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് എസി മിലാൻ.