ഫുട്ബോൾ ആരാധകർക്ക് ആവേശമായി മറ്റൊരു ഫൈനലിന് കൂടി ഇന്ന് വിസിൽ മുഴങ്ങും. ഇംഗ്ലണ്ടിലാണ് ഇന്ന് തീപ്പാറും ഫൈനൽ പോരാട്ടം അരങ്ങേറുക. കരുത്തരായ ലിവർപൂളും മികച്ച ഫോമിൽ കളിക്കുന്ന ആഴ്‌സണലുമാണ് ഇന്ന് കൊമ്പുകോർക്കുക. കമ്മ്യൂണിറ്റി ഷീൽഡിന്റെ ഫൈനൽ ആണ് ഇന്ന് അരങ്ങേറാൻ പോവുന്നത്. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.ഇന്ത്യൻ സമയം രാത്രി ഒമ്പത് മണിക്കാണ് മത്സരം അരങ്ങേറുക.
പ്രീമിയർ ലീഗ് ജേതാക്കളും എഫ്എ കപ്പ് ജേതാക്കളുമാണ് കമ്മ്യൂണിറ്റി ഷീൽഡിന്റെ ഫൈനലിലേക്ക് യോഗ്യത നേടുക. ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം സർവ്വാധിപത്യത്തോട് കൂടി യുർഗൻ ക്ലോപിന്റെ സംഘം സ്വന്തമാക്കിയിരുന്നു. അതേസമയം ചെൽസിയെ എഫ്എ കപ്പ് ഫൈനലിൽ തകർത്തു കൊണ്ടാണ് ആഴ്‌സണലിന്റെ വരവ്. 2-1 നായിരുന്നു ചെൽസി പീരങ്കിപ്പടയോട് തോൽവി അറിഞ്ഞത്. ഇരട്ടഗോളുകൾ നേടിയ ഒബമയാങ് ആണ് ഇതേ വെംബ്ലിയിൽ ആഴ്‌സണലിനെ കിരീടം ചൂടാൻ സഹായിച്ചത്.
ആഴ്‌സണൽ അവസാനമായി കളിച്ച അഞ്ച് മത്സരങ്ങൾ എടുത്തു പരിശോധിച്ചാൽ കാര്യങ്ങൾ ആർട്ടെറ്റക്കും സംഘത്തിനും അനുകൂലമാണ്. എന്തെന്നാൽ അഞ്ചു മത്സരങ്ങളിൽ നാലിലും ആഴ്‌സണൽ വിജയം നേടിയിട്ടുണ്ട്. ആസ്റ്റൺ വില്ലയോട് മാത്രമാണ് ഇതിനിടയിൽ തോൽവി അറിഞ്ഞത്. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ മൂന്ന് വമ്പൻമാരെ കെട്ടുകെട്ടിക്കാൻ പീരങ്കിപ്പടക്ക് കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെ ആഴ്‌സണൽ മലർത്തിയടിച്ചിരുന്നു. 2-1 നാണ് അന്ന് ക്ലോപിന്റെ സംഘത്തെ ഗണ്ണേഴ്‌സ് തുരത്തിയോടിച്ചത്. ലാക്കസാട്ട, നെൽസൺ എന്നിവരാണ് അന്ന് ഗോളുകൾ നേടിയത്. എന്നാൽ അതേഫോം ഇന്നും തുടരുക എന്നതാണ് ആഴ്‌സണലിന്റെ മുന്നിലുള്ള വെല്ലുവിളി.
ലിവർപൂളിനെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ അത്ര ശുഭകരമല്ല. ആഴ്‌സണലിനോട് ഒരു തവണ തോറ്റത് തന്നെയാണ് ചെറിയ ആശങ്ക നൽകുന്ന കാര്യം. എന്നാൽ അതിന് ശേഷം 5-3 ന് ചെൽസിയെ കീഴടക്കിയിരുന്നു. പക്ഷെ സമീപകാലത്ത് മാഞ്ചസ്റ്റർ സിറ്റിയോട് 4-0 തോൽവി വഴങ്ങിയത് ലിവർപൂളിന്റെ ദൗർബല്യത്തെയാണ് തുറന്നു കാണിക്കുന്നത്. പക്ഷെ കടലാസിലെ കണക്കുകൾ വെറും കണക്കുകൾ മാത്രമാണ്. സുപ്പർ താരങ്ങൾ അണിനിരക്കുന്ന മത്സരത്തിൽ മികച്ച ഒരു പോരാട്ടം തന്നെ കാണാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.