ബാഴ്സയിലെത്തുക സ്വപ്നമായി കൊണ്ടു നടന്ന് ഒടുവിൽ ടീമിലെത്തിയതിനു ശേഷം നിരാശപ്പെടേണ്ടി വന്ന കളിക്കാരനാണ് ഫിലിപ്പെ കുട്ടീന്യോ. തന്റെ മികവ് പൂർണമായും പുറത്തെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ സീസണിൽ താരത്തിന് ബയേൺ മ്യൂണിക്കിൽ ലോണിൽ കളിക്കേണ്ടി വന്നു. ബയേണിനെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സഹായിച്ച് ബാഴ്സയിൽ തിരിച്ചെത്തിയ താരം ഈ സീസണിൽ ടീമിനൊപ്പം തുടരുമെന്നാണ് റിപ്പോർട്ടുകൾ.
കൊറോണ വൈറസ് പ്രതിസന്ധിയാണ് ബാഴ്സയിൽ തന്നെ തുടരാൻ താരത്തെ സഹായിച്ചത്. കുട്ടീന്യോയെ വിറ്റ് മറ്റേതെങ്കിലും കളിക്കാരനെ സ്വന്തമാക്കാൻ ബാഴ്സക്കു താൽപര്യമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം മറ്റു ക്ലബുകൾക്ക് ബ്രസീലിയൻ താരത്തിനു വേണ്ട തുക മുടക്കാനായില്ല. വമ്പൻ തുകക്കു സ്വന്തമാക്കിയ താരത്തെ കുറഞ്ഞ ഫീസിനു വിൽക്കാൻ കഴിയില്ലെന്നതു കൊണ്ട് ബാഴ്സ കുട്ടീന്യോയെ നിലനിർത്തുകയായിരുന്നു.
പുതിയ പരിശീലകനായ കൂമാനു കീഴിൽ കുട്ടീന്യോക്ക് ടീമിലെ സ്ഥാനം തിരികെ ലഭിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. വാൽവെർദെ ചെയ്തതു പോലെ താരത്തെ വിങ്ങുകളിൽ കളിപ്പിക്കാതെ മിഡ്ഫീൽഡിൽ കളിപ്പിക്കാനാണ് കൂമാന്റെ നീക്കം. ഇതിനു വേണ്ടി ബാഴ്സയുടെ ശൈലിയിൽ മാറ്റം വരുത്താനും കൂമാൻ ഒരുങ്ങുന്നുണ്ടെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു.
പ്രതിഭാധനരായ നിരവധി താരങ്ങൾ ബാഴ്സ ടീമിലുണ്ടെങ്കിലും അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സിസ്റ്റം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പരിശീലകന്റെ അസാന്നിധ്യമാണ് ബാഴ്സക്കു തിരിച്ചടിയായിരുന്നു. പ്രതിഭയുള്ള താരങ്ങളെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കൂമാനു കഴിയുമെന്നാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നീക്കങ്ങളിൽ നിന്നും കരുതേണ്ടത്.