നിരവധി മാറ്റങ്ങളോടെയാണ് ഫിലിപ്പെ കൂട്ടീഞ്ഞോ ബയേൺ മ്യൂണിക്കിൽ നിന്നും ബാഴ്സലോണയിലേക്ക് തിരികെ എത്തിയത്. സാങ്കേതികമായും ശാരീരികമായും മാനസികമായും താരം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് എന്നുള്ളത് താരത്തിന്റെ പ്രകടനത്തിൽ നിന്നും ശരീരഭാഷയിൽ നിന്നും സുവ്യക്തമാണ്. പ്രത്യേകിച്ച് താരത്തിന്റെ ശാരീരികമായുള്ള മാറ്റം വളരെയധികം അത്ഭുതമുളവാക്കുന്ന കാര്യമാണ്.
ശാരീരികമായി ഏറെ കരുത്ത് വർധിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ ശേഷം ഒരു സീസൺ മാത്രമാണ് കൂട്ടീഞ്ഞോ അവിടെ കളിച്ചിട്ടുള്ളത്. ഈ ഒരു വർഷക്കാലയളവിൽ താരത്തിന് സംഭവിച്ച ഫിസിക്കൽ ട്രാൻസ്ഫർമേഷൻ അത്ഭുതാവഹമായിരുന്നു. തുടർന്ന് കൂമാൻ താരത്തെ തിരികെ വിളിക്കുകയും ബാഴ്സയിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.ഇപ്പോഴിതാ താരത്തിന്റെ ഫിസിക്കൽ ട്രാൻസ്ഫർമേഷനിൽ ഏറെ സംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
തനിക്ക് കൂട്ടീഞ്ഞോയെ പോലെയാവണം എന്നാണ് കഴിഞ്ഞ ദിവസം ബാഴ്സലോണയുടെ യുവസൂപ്പർ താരം പെഡ്രി അഭിപ്രായപ്പെട്ടത്. താരത്തിന്റെ ഫിസിക്കൽ ട്രാൻസ്ഫർമേഷനിൽ താൻ വളരെയധികം മതിപ്പുളവായി എന്നാണ് പെഡ്രി അഭിപ്രായപ്പെട്ടത്. പതിനേഴുകാരനായ താരം കഴിഞ്ഞ ദിവസം യുവന്റസിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം നേടിയിരുന്നു. തുടർന്ന് മിന്നും പ്രകടനമായിരുന്നു താരം മത്സരത്തിൽ കാഴ്ച്ചവെച്ചിരുന്നത്.കൂട്ടീഞ്ഞോയുടെ പകരമായിട്ടായിരുന്നു താരം കളത്തിലിറങ്ങിയത്.
ഇരുപത്തിയെട്ടുകാരനായ കൂട്ടീഞ്ഞോ ഈ സീസണിൽ രണ്ട് ഗോളും രണ്ട് അസിസ്റ്റും നേടിയിരുന്നു. എന്നാൽ എൽ ക്ലാസിക്കോയിൽ പരിക്കേറ്റ താരത്തിന് ഏകദേശം മൂന്ന് ആഴ്ച്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ബ്രസീലിയൻ ടീമിൽ നിന്നും ടിറ്റെ താരത്തെ ഒഴിവാക്കിയിരുന്നു.