2018-ലായിരുന്നു ഏറെ പ്രതീക്ഷകളോട് കൂടി വമ്പൻ തുകക്ക് ബ്രസീലിയൻ താരം ഫിലിപ്പെ കൂട്ടീഞ്ഞോ ബാഴ്സയിൽ എത്തിയത്. എന്നാൽ നിരാശയായിരുന്നു ഫലം. പ്രതീക്ഷിച്ച പോലെ താരത്തിന് തിളങ്ങാനായില്ല. ബാഴ്സയുടെ ഡയമണ്ട് ശൈലിയോട് പലപ്പോഴും പൊരുത്തപ്പെട്ടു പോവാൻ കൂട്ടീഞ്ഞോ ബുദ്ധിമുട്ടി. തുടർന്ന് വലിയ തോതിലുള്ള വിമർശനങ്ങൾ താരം നേരിടേണ്ടി വന്നു. തുടർന്ന് താരം ബയേൺ മ്യൂണിക്കിലേക്ക് ലോണിൽ പോവുകയായിരുന്നു.
ബയേണിലെ ലോൺ കാലാവധി കഴിഞ്ഞ് താരം ആഴ്സണലിലേക്ക് ചേക്കേറുമെന്നായിരുന്നു അഭ്യൂഹങ്ങൾ നിലനിന്നിരുന്നത്. എന്നാൽ ബാഴ്സയുടെ പുതിയ പരിശീലകനായി റൊണാൾഡ് കൂമാൻ വന്നതോടെ കഥ മാറി. താരത്തെ കൂമാൻ നേരിട്ട് വിളിക്കുകയും ആവിശ്യമുണ്ട് എന്നറിയിക്കുകയും ചെയ്തു. തുടർന്ന് താരം അവധി ആഘോഷങ്ങൾ പോലും വേണ്ട എന്ന് വെച്ച് ബാഴ്സ കല്പിച്ചതിലും നേരത്തെ എത്തുകയും സ്വയം പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. തിരിച്ചു വരവിനുള്ള കഠിനാദ്ധ്യാനമായിരുന്നു അത്.
മാത്രമല്ല പരിശീലകൻ കൂമാൻ താരത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്തു. താരത്തിന് അനുയോജ്യമായ പൊസിഷൻ താൻ നൽകുമെന്ന് കൂമാൻ പല അഭിമുഖങ്ങളിലും ഉറപ്പിച്ചു പറഞ്ഞിരുന്നു. അത് തന്നെ ചെയ്യുകയും ചെയ്തു. കൂട്ടീഞ്ഞോക്ക് തന്റെ രീതിയിൽ കളിക്കാനാവിശ്യമായ സ്ഥലം കൂമാൻ അനുവദിച്ചു നൽകിയപ്പോൾ പ്രീ സീസണിൽ കൂട്ടീഞ്ഞോ തിളങ്ങി. രണ്ട് ഗോളും രണ്ട് അസിസ്റ്റുമാണ് താരം മൂന്ന് മത്സരങ്ങളിൽ നിന്നും നേടിയത്. ഇതോടെ താരം കൂടുതൽ ആത്മവിശ്വാസം കാണിച്ചു തുടങ്ങി.
4-3-3 എന്ന ഫോർമേഷനേക്കാൾ കൂട്ടീഞ്ഞോക്ക് അനുയോജ്യം കൂമാന്റെ 4-2-3-1 എന്ന പൊസിഷൻ ആണെന്ന് വ്യക്തമായതാണ്. താരം മധ്യനിരയിൽ നിറഞ്ഞു കളിക്കാൻ തുടങ്ങി. വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ താരം ഫാറ്റിക്ക് നൽകിയ അസിസ്റ്റ് പരിശോധിച്ചാൽ മതി. മൈതാനമധ്യത്തിൽ നിന്നും പന്തുമായി കുതിച്ച താരം കൃത്യമായി ഫാറ്റിയെ കണ്ടെത്തുകയും പാസ് നൽകുകയും ചെയ്തു. ഇന്നലെ നടന്ന മത്സരത്തിലും ഫാറ്റിയുടെ ഗോളിന് വഴി വെച്ചത് കൂട്ടീഞ്ഞോ തന്നെയാണ്. എതിർതാരങ്ങൾക്കിടയിലൂടെ കൃത്യമായി താരം ഫാറ്റിയെ കണ്ടെത്തുകയായിരുന്നു. പല ഫുട്ബോൾ പണ്ഡിതൻമാരും ഇന്നലെ ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയത് കൂട്ടീഞ്ഞോക്കാണ്. ചുരുക്കത്തിൽ താരത്തിന്റെ അധ്വാനത്തിന് ഫലം കണ്ടു എന്നർത്ഥം.