ഫ്രീ ഏജന്റായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് ക്ലബ്ബിൽ കളിക്കും ?, മുന്നിലുള്ളത് ഒരു ഓഫർ മാത്രം |Cristiano Ronaldo

പോർച്ചുഗീസ് സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെപ്പറ്റി വലിയൊരു ചോദ്യ ചിഹ്നം ഉയർന്നിരിക്കുകയാണ്.മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം അടുത്തിടെ വിച്ഛേദിച്ചതിന് ശേഷം അടുത്ത ഘട്ടങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി താരം ഇപ്പോൾ അബുദാബിയിൽ സമയം ചെലവഴിക്കുകയാണ്.

റൊണാൾഡോ നിലവിൽ ഫ്രീ ഏജന്റാണ്.യുണൈറ്റഡിനെതിരെ റൊണാൾഡോ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതോടുകൂടിയാണ് ക്ലബ്ബുമായുള്ള കരാർ റദ്ദാക്കപ്പെട്ടത്.ലോകകപ്പിൽ ഇതിന്റെ ക്ഷീണം മാറ്റാമെന്നു കരുതിയപ്പോൾ ആകെ ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിനു ശേഷം പോർച്ചുഗൽ ടീമിലും പകരക്കാരനായി മാറിയതിന് പിന്നാലെ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പുറത്താവുകയും ചെയ്‌തു.വേൾഡ് കപ്പ് കഴിഞ്ഞതോടുകൂടി ഇനി ട്രാൻസ്ഫർ ജാലകം സജീവമാകും.റൊണാൾഡോ എങ്ങോട്ട് എന്നുള്ളത് ഇപ്പോഴും അവ്യക്തമായ ഒരു കാര്യമാണ്.

സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഫ്രീ ഏജന്റാണെങ്കിലും റൊണാൾഡോക്കായി ഇതു വരെയും ഒരു യൂറോപ്യൻ ക്ലബും രംഗത്തു വന്നിട്ടില്ല. ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറണമെന്ന് ആഗ്രഹിക്കുന്ന താരത്തിന്റെ ആഗ്രഹം ജനുവരിയിൽ നടപ്പിലാക്കുമോ എന്ന കാര്യം സംശയത്തിലാണ്. നിലവിൽ ഒരേയൊരു ക്ലബ് മാത്രമേ റൊണാൾഡോക്കായി ഓഫർ മുന്നോട്ടു വെച്ചിട്ടുള്ളൂ. അത് സൗദി ക്ലബായ അൽ നാസറാണ്.

ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന തുകയാണ് അൽ നാസർ റൊണാൾഡോക്ക് ഓഫർ ചെയ്‌തിരിക്കുന്നത്‌.200 മില്യൺ യുറോയാണ് ഒരു സീസണിന് ശമ്പളമായി കൊണ്ട് ഇവർ വാഗ്ദാനം ചെയ്തിട്ടുള്ളത്.2025 വരെയുള്ള ഒരു കരാറാണ് ഓഫർ ചെയ്തിട്ടുള്ളത്.എന്നാൽ റൊണാൾഡോ ഇതുവരെ അത് സ്വീകരിച്ചിട്ടില്ല.താരത്തിന്റെ ഉയർന്ന പ്രതിഫലം, റൊണാൾഡോ ടീമിലെത്തിയാൽ ശൈലി മാറ്റേണ്ടി വരുന്ന സാഹചര്യം എന്നിവയെല്ലാമാണ് യൂറോപ്യൻ ക്ലബ്ബുകളുടെ ട്രാൻസ്ഫെറിൽ നിന്നും അകറ്റി നിർത്തുന്ന ഘടകം.നിലവിൽ യൂറോപ്പിലെ ഒരു ടോപ്പ് ക്ലബ്ബിൽ കളിക്കുക എന്നുള്ളത് തന്നെയാണ് റൊണാൾഡോയുടെ ലക്ഷ്യം.

Rate this post