ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന മത്സരമാണ് ചാമ്പ്യൻസ് ലീഗിലെ യുവന്റസും ബാഴ്സലോണയുമായുള്ള ഗ്രൂപ്പ് ഘട്ട പോരാട്ടം. മാഡ്രിഡിൽ ആയിരുന്ന സമയത്തു നടന്ന എൽ ക്ലാസിക്കോക്കു ശേഷം ക്രിസ്ത്യാനോയും ലയണൽ മെസിയും തമ്മിൽ കൊമ്പുകോർക്കാനിരിക്കുന്ന ആദ്യ മത്സരമായിരിക്കുമിത്.
എന്നാൽ ഫുട്ബോൾ ആരാധകരെയെല്ലാം നിരാശരാക്കി സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. കോവിഡ് വിമുക്തനായോ എന്നു സ്ഥിരീകരിക്കാൻ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് വീണ്ടും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരണമുണ്ടായത്.
ഇതോടെ ഒക്ടോബർ 29നു നടക്കാനിരിക്കുന്ന ബാഴ്സയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന് റൊണാൾഡോക്ക് പങ്കെടുക്കാനാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ ഫ്രാൻസുമായി നടന്ന നേഷൻസ് ലീഗ് മത്സരത്തിന് ശേഷമാണ് ക്രിസ്ത്യാനോക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിക്കുന്നത്. ഇതുവരെ ക്രിസ്ത്യാനോക്ക് കോവിഡിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ പെട്ടെന്നു കളിക്കളത്തിലേക്ക് തിരിച്ചു വരാമെന്നായിരുന്നു ക്രിസ്ത്യനോയും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.
ഇതിനു മുൻപ് ചാമ്പ്യൻസ്ലീഗിൽ മെസിയും ക്രിസ്ത്യാനോയും കൊമ്പുകോർത്തത് റയൽ മാഡ്രിഡിനൊപ്പം സെമിഫൈനലിലായിരുന്നു. മാഡ്രിഡിനെ തകർത്ത് ബാഴ്സയ്ക്കൊപ്പം ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും തകർത്തു മെസി കിരീടം ചൂടുകയായിരുന്നു. എന്നാലിപ്പോൾ ബാഴ്സലോണക്കെതിരായ മത്സരത്തിന് 24 മണിക്കൂർ മുൻപ് കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചാൽ റൊണാൾഡോക്ക് മത്സരം കളിക്കാൻ സാധിച്ചേക്കുമെന്നാണ് ഇറ്റാലിയൻ ജേർണലിസ്റ്റായ ഡി മറിസിയോ റിപ്പോർട്ട് ചെയ്യുന്നുണ്ട്.