ക്രിസ്റ്റ്യാനോ റൊണാൾഡോ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്കാണ് റൊണാൾഡോ ചേക്കേറിയത്.അദ്ദേഹം ഇതുവരെ തന്റെ അരങ്ങേറ്റം നടത്തിയിട്ടില്ല.പിഎസ്ജിക്കെതിരെയുള്ള ഫ്രണ്ട്ലി മത്സരത്തിൽ അത് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
200 മില്യൺ യൂറോയെന്ന റെക്കോർഡ് സാലറിയാണ് റൊണാൾഡോ അൽ നസ്റിൽ കൈപ്പറ്റുന്നത്. ഈ വലിയ സാലറി കണ്ടു കൊണ്ടാണ് റൊണാൾഡോ സൗദി അറേബ്യയിൽ എത്തിയത് എന്ന ആരോപണങ്ങൾ വിമർശകർ ഉയർത്തിയിരുന്നു. തനിക്ക് മറ്റെല്ലാ സ്ഥലങ്ങളിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നുവെന്നും പക്ഷേ അതെല്ലാം നിരസിച്ചുകൊണ്ട് താൻ സൗദിയെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും റൊണാൾഡോ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ റൊണാൾഡോയുടെ കാര്യത്തിൽ അദ്ദേഹത്തിന് പിന്തുണയേകി കൊണ്ട് ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് റൊണാൾഡോക്ക് പണത്തിന്റെ ആവശ്യമില്ലെന്നും അത് കണ്ടല്ല അദ്ദേഹം സൗദിയിലേക്ക് പോയത് എന്നുമാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്. മറിച്ച് കരിയറിലെ കൂടുതൽ അംഗീകാരങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ ഈ ക്ലബ്ബിനെ തിരഞ്ഞെടുത്തതെന്നും റിവാൾഡോ കൂട്ടിച്ചേർത്തു.
‘ ക്രിസ്റ്റ്യാനോ റൊണാൾഡോ ബാക്കിയെല്ലാ ഓഫറുകളും നിരസിച്ചുകൊണ്ട് സൗദിയിൽ എത്തിയത് ഒരല്പം താൽപര്യം ജനിപ്പിക്കുന്ന കാര്യമാണ്. പക്ഷേ ക്രിസ്റ്റ്യാനോക്ക് പണത്തിന്റെ ആവശ്യമില്ല. അത് ലക്ഷ്യം വെച്ചുകൊണ്ടല്ലാ അദ്ദേഹം സൗദിയിൽ എത്തിയിട്ടുള്ളത്.മറിച്ച് അദ്ദേഹം തന്റെ കരിയറിന്റെ അവസാനഘട്ടത്തിലാണ് ഉള്ളത്. ഈ അവസാന ഘട്ടത്തിലും കൂടുതൽ അംഗീകാരങ്ങളും മൂല്യങ്ങളും ലഭിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം ഈയൊരു നീക്കം നടത്തിയത് എന്നാണ് ഞാൻ കരുതുന്നത് ‘ റിവാൾഡോ ബെറ്റ്ഫയറിൽ കുറിച്ചു.
Rivaldo talking about Cristiano Ronaldo. pic.twitter.com/Bg2n6Qqcjr
— Frank Khalid OBE (@FrankKhalidUK) January 8, 2023
ഒരു ഫുട്ബോൾ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാലറിയാണ് റൊണാൾഡോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.2025 വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം സൈൻ ചെയ്തിരിക്കുന്നത്.റൊണാൾഡോയുടെ വരവോടുകൂടി അൽ നസ്റിന്റെ പേരും പ്രശസ്തിയും വർദ്ധിച്ചിരിക്കുന്നു.