സൗദി പ്രൊ ലീഗിൽ അൽ ശബാബിനെതിരെയുള്ള മത്സരത്തിന് ശേഷം ലയണൽ മെസ്സിയുടെ പേര് വിളിച്ച ആരാധകരോട് അശ്ലീലമായ ആംഗ്യം കാണിച്ചതിനെത്തുടർന്ന് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു.അൽ-നാസർ താരത്തിന് ഒരു ഗെയിം സസ്പെൻഷനും $ 8,000 പിഴയും നേരിടേണ്ടിവന്നു.
ഇപ്പോഴിതാ ആരാധകരോട് ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോ പരസ്യമായി മാപ്പ് പറഞ്ഞു.തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെ അംഗീകരിച്ചുകൊണ്ട് 39 കാരനായ ഇതിഹാസം യൂറോപ്പും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരിക വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.”ഞാൻ എല്ലാ രാജ്യങ്ങളിലെയും സംസ്കാരങ്ങളെ ബഹുമാനിക്കും, ഞാൻ ഇന്നുവരെ അതിനെയെല്ലാം ബഹുമാനിക്കുന്നു.പക്ഷേ എല്ലായ്പ്പോഴും ആളുകൾ കാണുന്നത് യാഥാർത്ഥ്യമല്ല” റൊണാൾഡോ പറഞ്ഞു.
“ഞാൻ പറഞ്ഞതുപോലെ, ഞാൻ വീണ്ടും പറയും, ഈ രാജ്യത്ത് ഞാൻ ഇത് വീണ്ടും ചെയ്യില്ലെന്ന് വ്യക്തമാണ്, പക്ഷേ യൂറോപ്പിൽ ഇത് വളരെ സാധാരണമാണ്. ചിലപ്പോൾ ഗെയിമിൻ്റെ ആവേശം ചില തെറ്റുകൾ വരുത്താൻ നമ്മെ പ്രേരിപ്പിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ-നാസർ നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള അൽ-ഹിലാലിൽ നിന്ന് 12 പോയിൻ്റുകൾ അകലെയാണ്. ഈ സീസണിൽ അൽ-നാസറിന് വേണ്ടി ലീഗിൽ 21 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ റൊണാൾഡോ അടിച്ചു കൂട്ടിയിട്ടുണ്ട്.ഏഷ്യൻ ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിൽ അൽ-ഐനിനെതിരായ നിർണായക രണ്ടാം ലെഗ് പോരാട്ടത്തിൽ അൽ-നാസറിന് വേണ്ടി പോർച്ചുഗൽ ക്യാപ്റ്റൻ വീണ്ടും കളത്തിലിറങ്ങും.