ഈ സീസണിൽ ആഴ്‌സണൽ പ്രീമിയർ ലീഗ് നേടില്ലെന്ന് ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ടൈസൺ ഫ്യൂറിയുടെയും ഒലെക്‌സാണ്ടർ ഉസിക്കിൻ്റെയും പോരാട്ടത്തിനിടെ റിയാദിൽ ഒരു ആരാധകനോട് സംസാരിച്ച റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ആഴ്‌സണൽ കിരീടം നേടാനുള്ള സാധ്യത ലോകത്ത് ഇല്ലെന്ന് പറഞ്ഞു.
സീസണിലെ അവസാന മത്സരത്തിൽ ആഴ്‌സണൽ എവർട്ടണുമായി കളിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെയാണ് കളിക്കുന്നത്. ഇരുടീമുകളും തുടർച്ചയായി അഞ്ച് മത്സരങ്ങൾ ജയിച്ചാണ് വരുന്നത്.മാഞ്ചസ്റ്റർ സിറ്റിയെക്കാൾ രണ്ട് പോയിൻ്റ് പിന്നിലാണ് ആഴ്സണൽ. വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപ്പിച്ചാൽ സിറ്റിക്ക് തുടർച്ചയായ നാലാം കിരീടം ഉയർത്താൻ കഴിയും.
🇵🇹 “Arsenal are not gonna win the league”, says Cristiano Ronaldo.pic.twitter.com/65rbZ8FME8
— Fabrizio Romano (@FabrizioRomano) May 19, 2024
ചൊവ്വാഴ്ച ടോട്ടൻഹാം ഹോട്‌സ്‌പറിൽ സിറ്റി 2-0ന് ജയിച്ചതോടെ ലീഗ് കിരീടത്തിനായുള്ള 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാമെന്ന ആഴ്‌സണലിൻ്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.ഇന്നത്തെ മത്സരത്തിന് ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി അവസാന മത്സരങ്ങളിൽ തോൽക്കുന്ന പതിവില്ലാത്തതിനാൽ തന്നെ ആഴ്‌സണലിന് കിരീടപ്രതീക്ഷ കുറവാണ്.
അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏതു തരത്തിലുള്ള അട്ടിമറിയും പ്രതീക്ഷിക്കാമെന്നതിനാൽ തന്നെ അത്ഭുതങ്ങൾ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.