❝100 ന്റെ കണക്കുകൾ കൊണ്ട് അതിശയിപ്പിക്കുന്ന നൂറ്റാണ്ടിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ❞|Cristiano Ronaldo

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നൂറാം പ്രീമിയർ ലീഗ് ഗോൾ ഇന്നലെ നേടിയിരുന്നു .വെയ്ൻ റൂണി, റയാൻ ഗിഗ്സ്, പോൾ സ്കോൾസ് എന്നിവർക്ക് ശേഷം 100 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന നാലാമത്തെ മാൻ യുണൈറ്റഡ് താരമാണ് റൊണാൾഡോ.

ഇംഗ്ലീഷ് ടോപ്പ്-ഫ്ലൈറ്റ് ഫുട്ബോളിൽ സെഞ്ച്വറി ഗോൾ നേടുന്ന മൊത്തത്തിൽ 33-ാമത്തെ വ്യത്യസ്ത കളിക്കാരൻ കൂടിയാണ് അദ്ദേഹം.2003 മുതൽ 2009 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചപ്പോൾ, ക്ലബിനായി 118 ഗോളുകൾ റൊണാൾഡോ നേടിയിരുന്നു. ഇതിൽ 84 എണ്ണം പ്രീമിയർ ലീഗിലായിരുന്നു പിറന്നത്. ഇന്നലെ നേടിയത് ഈ സീസണിലെ പതിനാറാമത് ഗോളായിരുന്നു. ഇതോടെ പ്രീമിയർ ലീഗിലും ലാ ലീഗയിലും 100 ഗോളുകൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ മാറുകയും ചെയ്തു.

നിങ്ങളെ അമ്പരപ്പിക്കുന്ന ചില കണക്കുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഉണ്ട്. എന്നാൽ ഈ കണക്കുകൾ തന്നെയാണ് അദ്ദേഹത്തെ ലോകത്തെ മികച്ച താരമാക്കി മാറ്റുന്നതും. ഫുട്ബാൾ ചരിത്രത്തിൽ തന്നെ 100 + റൈറ്റ് ഫൂട്ട് ഗോൾസ് , 100 + ലെഫ്റ്റ് ഫൂട്ട് ഗോൾസ് , 100 + ഹെഡ്ഡർ ഗോൾസ് , കൂടാതെ 100 + ചാമ്പ്യൻസ് ലീഗ് ഗോൾസ് നേടിയ ഒരേയൊരു താരമാണ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ.

തനിക്ക് വീക്ക് ഫൂട്ട് എന്നോ സ്‌ട്രോങ് ഫൂട്ട് എന്നോ ഇല്ല, കളിയിൽ ബോക്സിന് ഉള്ളിലാണോ പുറത്താണോ എന്നില്ല , കളിക്കുന്നത് ഏത് ലീഗിലാണെന്ന വ്യത്യാസം പോലും ഇല്ല എന്ന് തെളിയിച്ച വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിനെല്ലാം പുറമെ ഇംഗ്ലണ്ടിൽ 100 + ഗോൾസ് , ഇറ്റലിയിൽ 100 + ഗോൾസ് , സ്പെയിനിൽ 100 + ഗോൾസ് തികച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഈ റെക്കോർഡ് തകർക്കപ്പെടുമോ എന്നത് തന്നെ സംശയമാണ്. എന്ത് കൊണ്ട് റൊണാൾഡോ മറ്റു കളിക്കാരിൽ നിന്നും വ്യത്യസ്തപെടുന്നു എന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്ക് അദ്ദേഹത്തിന്റെ ആരാധകർക്ക് എണ്ണം വച്ചു പറയാവുന്ന കണക്കുകളാണിത്.

താനൊരിക്കലും റെക്കോർഡുകളുടെ പുറകെ പോവാറില്ല, നേരെ മറിച്ച് റെക്കോർഡുകൾ തന്റെ പുറകെയാണ് വരുന്നത് എന്ന് പറഞ്ഞ വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ ഈ പറഞ്ഞ വാക്കുകളെ സൂചിപ്പിക്കും വിധം അപൂർവമാണ് ക്രിസ്റ്റ്യാനോ സ്വന്തം പേരിൽ കുറിച്ച ഈ റെക്കോർഡുകളും. മാഞ്ചസ്റ്ററിൽ അരങ്ങേറിയ ശേഷം 2003 മുതൽ ഒരു മിഡ്ഫീൽഡർ ആയി ലോകം കണ്ടു തുടങ്ങിയ റൊണാൾഡോയെ ഒരു പക്കാ ഗോൾ സ്കോറിങ് മെഷീൻ ആയി ലോകം കാണാനും അധികം താമസമെടുത്തില്ല. മിഡ്ഫീൽഡിൽ കളിക്കുമ്പോഴും അപാരമായ ഡ്രിബ്ലിങ് മികവും സ്കിൽസ് ഉം പുറത്തെടുത്ത റൊണാൾഡോ ഗോളുകൾ സ്‌കോർ ചെയ്യാനും മിടുക്ക് കാട്ടിയിരുന്നു.

എന്നാൽ ഏറെ വൈകാതെ തന്നെ അദ്ദേഹം ഒരു പക്കാ ഫോർവെർഡ് ആയി മാറുകയും ഗോൾ സ്കോറിങ് ന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്‌തു. വെടിയുണ്ട പോലെ വല തുളയുന്ന ഷോട്ടുകളും കണ്ണഞ്ചിപ്പിക്കുന്ന ഫ്രീ കിക്ക് ഗോളുകളും അദ്ദേഹത്തിന്റെ മാത്രം സവിശേഷതയായിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ തന്റേതായ പ്രകടനമികവിൽ മാറ്റം വന്നെങ്കിലും ഈ പ്രായത്തിലും ഗോൾ സ്‌കോർ ചെയ്യാനുള്ള റൊണാൾഡോയുടെ കഴിവ് എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു വസ്തുതയായി തുടരുന്നു.

താൻ കളിച്ച രാജ്യങ്ങളിലെ ലീഗുകളിൽ എല്ലാം ബെസ്റ്റ് പ്ലെയർ ആയി റൊണാൾഡോ തിരഞ്ഞെടുക്കപ്പെടുകയും അവിടെ നിന്നെല്ലാം നേടാൻ കഴിയുന്ന എല്ലാ ട്രോഫികളും അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു.തനിക്ക് പകരം വെക്കാൻ വേറൊരാൾ ഇല്ല എന്ന് ഈ റെക്കോർഡുകളിലൂടെ തെളിയിച്ച ക്രിസ്റ്റ്യാനോ 100 + രാജ്യാന്തര ഗോളുകളും നേടിക്കഴിഞ്ഞു.അതെ, ഇത്തരത്തിൽ 100 ന്റെ കണക്കുകൾ കൊണ്ട് അതിശയിപ്പിക്കുന്ന 100ൽ ഒരാളായല്ല , നൂറ്റാണ്ടിന്റെ ഒരേയൊരു താരമായാണ് റൊണാൾഡോ ഈ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചത്.

Rate this post
Cristiano RonaldoManchester United