ഗോളിനു ശേഷം സുജൂദ് നടത്തി, കയ്യടി നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

കഴിഞ്ഞ ദിവസം നടന്ന സൗദി പ്രൊ ലീഗ് മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചുവന്ന് ഗംഭീരവിജയമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ നേടിയത്. രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്നതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ച് അൽ നസ്ർ വിജയം സ്വന്തമാക്കിയപ്പോൾ ടീമിന്റെ വിജയഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ലീഗിൽ പതിനാലാമത്തെ ഗോളായിരുന്നു താരത്തിന്റേത്.

ടീമിനെ വിജയത്തിലെത്തിച്ചതിനു ശേഷം റൊണാൾഡോ നടത്തിയ ഗോളാഘോഷമാണ് ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്. ബോക്‌സിന് പുറത്തു നിന്നുമുള്ള തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടിയതിനു ശേഷം തന്റെ ട്രേഡ് മാർക്ക് സെലിബ്രെഷൻ നടത്തിയ താരം അതിനു ശേഷം സുജൂദ് നിസ്‌കാരം കൂടി അതിനൊപ്പം ചെയ്യുകയുണ്ടായി.

റൊണാൾഡോ സുജൂദ് നടത്തിയ പ്രവൃത്തിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഗോളാഘോഷിക്കാൻ താരത്തിനൊപ്പം ചേർന്ന സഹകളിക്കാരെല്ലാം ഇത് കണ്ടതോടെ കയ്യടിക്കുകയായിരുന്നു. അതിനു പുറമെ സ്റ്റേഡിയത്തിലുള്ള ആരാധകരും താരത്തെ അഭിനന്ദിച്ചു. മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുടെ വിശ്വാസത്തെ പിന്തുണക്കുന്നതിന്റെ പേരിലും റൊണാൾഡോ കയ്യടി നേടുന്നു.

ഈ സംഭവത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ റൊണാൾഡോ നേടിയ വിജയഗോളിലൂടെ അൽ നസ്ർ കിരീടം നേടാനുള്ള സാധ്യതകൾ നിലനിർത്തി. ഇനിയുള്ള രണ്ടു മത്സരങ്ങൾ വിജയിക്കുകയും ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദ് ഒരു മത്സരം തോൽക്കുകയും ചെയ്‌താൽ കിരീടം നേടാൻ അൽ നസ്റിന് കഴിയും.

Rate this post