ചെൽസിതാരത്തിന് വമ്പൻ ഓഫർ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ അക്കാഡമിയിലൂടെ വളർന്നു വന്ന ഇംഗ്ലീഷ് ദേശീയ ടീം താരം കൂടിയായ മേസൺ മൗണ്ട് ഈ സീസണിലെ അവസാന ആഴ്ചകളിൽ പരിക്ക് കാരണം കളിച്ചിട്ടില്ല. പരിക്ക് കാരണം ടീമിന് പുറത്തിരിക്കുന്ന മേസൺ മൌണ്ടിന്റെ അസാന്നിധ്യവും ചെൽസിയുടെ മോശം ഫോമിന് ആക്കം കൂട്ടിയിട്ടുണ്ട്.

ചെൽസിയുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കി നിൽക്കെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ട്രാൻസ്ഫർ വാർത്തകളിൽ ഇടം നേടാൻ പോകുന്ന താരമായിരിക്കും മേസൺ മൗണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുമുള്ള ക്ലബ്ബുകൾ തന്നെയാണ് താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സനൽ, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകൾ മേസൺ മൗണ്ടിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ഇതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 55 മില്യൺ യൂറോയുടെ വലിയൊരു ഓഫർ തന്നെ ചെൽസിക്ക് മുന്നിൽ ഇതിനകം സമർപ്പിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

എന്നാൽ 85 മില്യൺ യൂറോയാണ് ചെൽസി മേസൺ മൌണ്ടിനു നൽകിയ വില, അതിനാൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ ഓഫർ 55മില്യൺ യൂറോ ഇനിയും കൂടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. ടീമിന്റെ മുൻനിരയിലേക്ക് മേസൺ മൗണ്ടിനെ കൊണ്ടുവന്ന് അറ്റാക്കിങ് ശക്തിപ്പെടുത്താനാണ് എറിക് ടെൻ ഹാഗ് ആഗ്രഹിക്കുന്നത്.

അതേസമയം തന്നെ യുർഗൻ ക്ളോപ്പിന്റെ ലിവർപൂൾ, മൈക്കൽ ആർട്ടേറ്റയുടെ ആഴ്സനൽ എന്നീ ക്ലബ്ബുകളും മേസൺ മൌണ്ടിന്റെ ട്രാൻസ്ഫറിനെ നിരീക്ഷിക്കുന്നവരാണ്. കൂടാതെ പുതുതായി ചെൽസി പരിശീലകനായി ചുമതലയേൽക്കാൻ ഒരുങ്ങുന്ന മൗറിസിയോ പോചെട്ടിനോ താരത്തിനെ ടീമിൽ നിലനിർത്താനാണ് ആഗ്രഹിക്കുന്നത്.

കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിലായി 600മില്യനോളം മുടക്കിയ ചെൽസി മേസൺ മൗണ്ട് ആഗ്രഹിച്ച പോലെയൊരു കരാർ നീട്ടൽ ഓഫർ നൽകിയിട്ടില്ല എന്നതാണ് ഇതുവരെ താരം കരാർ പുതുക്കാത്തതിന്റെ കാരണം. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റാകുന്ന താരത്തിനെ ഈ സമ്മർ ട്രാൻസ്ഫറിൽ തന്നെ വിൽക്കുകയാണെങ്കിൽ നല്ലൊരു തുക ട്രാൻസ്ഫർ ഫീയായി ചെൽസിക്ക് ലഭിക്കും.

Rate this post