ജോർഡി ആൽബയും ബാഴ്സലോണ വിട്ടു, മെസ്സി-ബുസ്കട്സ്-ആൽബ എന്നിവർ സൗദിയിൽ ഒരുമിച്ചേക്കുമെന്ന് റൂമർ

നീണ്ട പതിനൊന്നു വർഷമായി ബാഴ്‌സലോണയുടെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് സ്ഥിരസാന്നിധ്യമായി നിന്നിരുന്ന ജോർദി ആൽബ ഈ സീസണിനു ശേഷം ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയാണ് സ്‌പാനിഷ്‌ താരം ഈ സീസണിനു ശേഷം ക്ലബ് വിടാൻ തീരുമാനം എടുത്തുവെന്ന കാര്യം അൽപ്പനേരം മുൻപ് പുറത്തു വിട്ടത്.

നിലവിൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും അത് അടുത്തു തന്നെ സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ബാഴ്‌സലോണയുടെ വെറ്ററൻ താരങ്ങളിൽ മൂന്നാമത്തെയാളാണ് ഈ സീസണോടെ ക്ലബ് വിടുന്നത്. ഈ സീസണിനിടയിൽ ജെറാർഡ് പിക്വ ക്ലബ് വിട്ടിരുന്നു. സീസൺ അവസാനിക്കുന്നതോടെ ബുസ്‌ക്വറ്റ്സ്, ആൽബ എന്നിവരും വിടപറയുകയാണ്.

ബാഴ്‌സലോണയുമായി ഒരു വർഷം കൂടി കരാർ ബാക്കി നിൽക്കെയാണ് പരസ്‌പരസമ്മതത്തോടെ ജോർദി ആൽബ ക്ലബ് വിടാൻ തീരുമാനിച്ചത്. അലസാൻഡ്രോ ബാൾഡേ മികച്ച പ്രകടനം നടത്തിയ ഈ സീസണിൽ ആൽബക്ക് അവസരങ്ങൾ കുറഞ്ഞു വന്നിരുന്നു. അടുത്ത സീസണിൽ ഇനിയും അവസരം പരിമിതമാകും എന്നതും ക്ലബ് വിടാനുള്ള താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് വേണം കരുതാൻ.

അവസരങ്ങൾ കുറവാണെങ്കിലും ഈ സീസണിൽ 29 മത്സരങ്ങളിൽ ആൽബ കളിക്കാനിറങ്ങിയിട്ടുണ്ട്. രണ്ടു ഗോളുകൾ നേടിയ താരം നാല് ഗോളുകൾക്ക് വഴിയൊരുക്കിയെങ്കിലും തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. മുപ്പത്തിനാലുകാരനായ താരത്തിന് ഇപ്പോഴും മികച്ച പ്രകടനം നടത്താൻ കഴിയുമെങ്കിലും അടുത്ത ലക്‌ഷ്യം എവിടേക്കാണെന്ന് വ്യക്തമല്ല.എന്നാൽ മുൻ ബാഴ്സലോണ താരമായ ലയണൽ മെസ്സിയും ഈ സീസണിൽ ക്ലബ് വിടുന്ന ബുസ്‌ക്വറ്റ്സും ആൽബയോടൊപ്പം മറ്റൊരു ക്ലബ്ബിൽ ഒരുമിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

ബാഴ്‌സലോണക്കായി 458 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുള്ള ജോർദി ആൽബ 27 ഗോളുകൾ നേടുകയും 99 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. പതിനെട്ടു കിരീടങ്ങൾ ബാഴ്‌സക്കൊപ്പം സ്വന്തമാക്കിയതിന് ആറു ലാ ലിഗയും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നു. സ്പെയിനോപ്പം 2012ലെ യൂറോ കപ്പും താരം നേടിയിട്ടുണ്ട്.

Rate this post