സിറ്റിയിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന അർജന്റീന താരം, ഈ സീസണിൽ ഗോൾ നേടിയവരിൽ രണ്ടാമൻ

തുടർച്ചയായ മൂന്നാം സീസണിലും മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടപ്പോൾ സിറ്റിയുടെ കിരീട പ്രയാണത്തിൽ നിർണായക പങ്കുവഹിച്ച പല താരങ്ങളുമുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ എടുത്തു പറയേണ്ട ഒരു താരമാണ് അർജന്റീനയുടെ യുവ മുന്നേറ്റതാരമായ ജൂലിയൻ അൽവാരസ്.

കേവലം 23 വയസ്സ് മാത്രം പ്രായമുള്ള അൽവാരസിന്റെ ഏറ്റവും മികച്ച സീസണുകളിൽ ഒന്നാണ് ഇത്. ഈ സീസണിൽ സിറ്റിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ രണ്ടാമനാണ് 18 ഗോളുകൾ നേടിയ ഈ അർജന്റീനിയൻ യുവതാരം. പല മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയാണ് അൽവാരസ് 18 ഗോളുകൾ നേടിയത് എന്നതാണ് ശ്രദ്ധേയം.

സിറ്റിയുടെ ഗോളടി യന്ത്രം ഏർലിംഗ് ഹലാണ്ടിന് പകരക്കാരനായാണ് പരിശീലകൻ ഗാർഡിയോള അൽവാരസിനെ ഉപയോഗിക്കുന്നത്. അതിനാൽ പല മത്സരങ്ങളിലും അദ്ദേഹത്തിന് വളരെ കുറച്ച് പ്ലെയിങ് ടൈമുകൾ മാത്രമേ ലഭിക്കാറുള്ളൂ. എങ്കിലും മാഞ്ചസ്റ്റർ സിറ്റിയിൽ ഹലാണ്ടിനു പിറകിൽ ടീമിനായി സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ രണ്ടാമതാവാൻ അൽവാരത്തിന് സാധിച്ചു എന്നത് താരത്തിന്റെ പ്രതിഭയെ അടിവരയിടുന്നതാണ്.

പ്രീമിയർ ലീഗിൽ 10 ഗോളും ചാമ്പ്യൻസ് ലീഗിലും എഫ്എ കപ്പിലും മൂന്നു ഗോൾ വീതവും ഇഎഫ്എൽ കപ്പിലും കമ്മ്യുണിറ്റി ഷീൽഡിലും ഓരോ ഗോളും നേടിയ താരം ഈ സീസണിൽ 18 ഗോളുകൾ പൂർത്തിയാക്കി. സിറ്റിക്ക് ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ താരത്തിന്റെ ഗോളുകളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാം.

അതേസമയം കിരീടം നേട്ടങ്ങളിലും തന്റെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് അൽവാരസ്. അർജന്റീനയ്ക്കൊപ്പം ലോകകിരീടം നേടിയ അൽവാരസ് സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കിരീടത്തിലും മുത്തമിട്ടു. ഇനി സീസണിൽ താരത്തിന് ചാമ്പ്യൻസ് ലീഗിലും മുത്തമിടാൻ സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. അങ്ങനെ നടന്നാൽ ഈ 23 കാരന്റെ കരിയറിലെ സുവർണ്ണ കാലഘട്ടം ആയിരിക്കും ഇത്.

അർജന്റീനിയൻ ഇതിഹാസ ക്ലബ്ബ് റിവർ പ്ലേറ്റിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന താരം പിന്നീട് റിവർ പ്ലേറ്റിന്റെ സീനിയർ ടീമിന് വേണ്ടിയും അരങ്ങേറി. 2022 ലാണ് താരം മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. ഇടയ്ക്ക് വീണ്ടും റിവർ പ്ലേറ്റിലേക്ക് ലോൺ അടിസ്ഥാനത്തിൽ താരം പോയെങ്കിലും വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അദ്ദേഹം തിരിച്ചെത്തുകയായിരുന്നു. കളിക്കളത്തിൽ കൂടുതൽ സമയം ലഭിച്ചാൽ ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിൽ ഒരാളായി അൽവാരസ് മാറുമെന്നാണ് പല ഫുട്ബോൾ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

5/5 - (1 vote)