സൗദി അറേബ്യയിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ അവിടുത്തെ ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകിയ ഒന്നായിരുന്നെങ്കിലും റൊണാൾഡോയുടെ ടീം എതിരാളികളായി വരുമ്പോൾ താരത്തെ ചെറുക്കാനുള്ള പദ്ധതികൾ അവർ കൃത്യമായി ആവിഷ്‌കരിക്കാറുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രധാന എതിരാളിയായ ലയണൽ മെസിയുടെ പേരാണ് അവർ അതിനുപയോഗിക്കാറുള്ളത്.
ഇന്നലെ അൽ ഫെയ്‌ഹക്കെതിരെ നടന്ന മത്സരത്തിലും എതിർടീമിന്റെ ആരാധകർ റൊണാൾഡൊക്കെതിരെ ലയണൽ മെസിയുടെ പേര് ഉപയോഗിക്കുകയുണ്ടായി. മത്സരത്തിൽ രണ്ടു ടീമുകളും ഗോളടിക്കാതെ സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന് ശേഷം റൊണാൾഡോ ഡ്രസിങ് റൂമിലേക്ക് വരുമ്പോഴാണ് ആരാധകർ മെസിയുടെ പേര് വിളിച്ചു പറഞ്ഞത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരഫലത്തിൽ വളരെ നിരാശനായിരുന്നു എന്ന് താരത്തിന്റെ പ്രവൃത്തികളിൽ നിന്നും വ്യക്തമായ കാര്യമായിരുന്നു. മത്സരത്തിന് ശേഷം എതിർടീമിന്റെ താരങ്ങളുമായി വാക്കേറ്റം നടത്തിയ താരം അതിനു ശേഷം കോപാകുലനായാണ് ഡ്രസിങ് റൂമിലേക്ക് പോയത്. അതിനിടയിലാണ് ആരാധകർ താരത്തെ തളർത്താൻ ശ്രമിച്ചത്.
ഇന്നലെ നടന്ന മത്സരത്തിൽ അൽ നസ്ർ തന്നെയാണ് മികച്ച പ്രകടനം നടത്തിയത്. അൽ ഫെയ്‌ഹ കൂടുതലും പ്രതിരോധത്തിലൂന്നിയാണ് കളിച്ചിരുന്നത്. അതേസമയം അൽ നസ്ർ പതിനെട്ടു ഷോട്ടുകളുതിർത്തെങ്കിലും ലഭിച്ച മികച്ച അവസരമൊന്നും അവർക്ക് മുതലാക്കാൻ കഴിഞ്ഞില്ല. റൊണാൾഡോ ഗരീബിനു നൽകിയ ഒരു അവസരം അവിശ്വനീയമായ രീതിയിലാണ് താരം തുലച്ചു കളഞ്ഞത്.
Cristiano Ronaldo after the end of the game.pic.twitter.com/XBXq45ir31
— CristianoXtra (@CristianoXtra_) April 9, 2023
മത്സരത്തിൽ വിജയം കൈവിട്ടതോടെ അൽ നസ്‌റും ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദും തമ്മിലുള്ള പോയിന്റ് വ്യത്യാസം മൂന്നായി വർധിച്ചു. ഇനി ഏഴു മത്സരങ്ങൾ മാത്രം ലീഗിൽ ബാക്കി നിൽക്കെ എല്ലാ മത്സരവും സുപ്രധാനമാണ്. ഈ മത്സരങ്ങളിൽ അൽ ഇത്തിഹാദ് വിജയം നേടിയാൽ സൗദി ലീഗ് കിരീടം റൊണാൾഡോക്ക് ഇത്തവണ സ്വന്തമാക്കാനാവില്ല.