പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിന്റെ 22-ാം വർഷത്തിലാണ്. റൊണാൾഡോ ലോകത്തെ ഏറ്റവും സ്വാധീനമുള്ള കളിക്കാരിൽ ഒരാളായി തുടർന്ന് കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ 39 വയസ്സിലേക്ക് അടുക്കുന്ന റൊണാൾഡോ താൻ എപ്പോൾ വിരമിക്കും എന്നതിന്റെ സൂചനകൾ നൽകിയിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ മികച്ച ഗോൾസ്കോററും ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരനുമായി ആദരിക്കപ്പെട്ടതിന് ശേഷം ദുബായിൽ നടന്ന ഗ്ലോബ് സോക്കർ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുമ്പഴോയാണ് റൊണാൾഡോ വിരമിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്.സ്പോർട്ടിംഗ് ലിസ്ബൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നിവയ്ക്കും അദ്ദേഹത്തിന്റെ ദേശീയ ടീമിനും വേണ്ടി കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ വളരെ വിജയകരമായ ഒരു സമയം ആസ്വദിച്ചു. തുടർന്ന് 2023-ന്റെ തുടക്കത്തിൽ അൽ-നാസറിൽ ചേരുന്നതിനായി അദ്ദേഹം സൗദി അറേബ്യയിലേക്ക് മാറി.ഗൾഫ് രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ നീക്കം പിച്ചിലും പുറത്തും മികച്ച വിജയമായിരുന്നു.
സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ വിരമിക്കൽ എന്നാവും എന്നറിയാനുള്ള ആകാംക്ഷ ആരാധകരിൽ ഉണ്ട്. ഗ്ലോബ് സോക്കർ അവാർഡിന് ചടങ്ങിനിടെ റൊണാൾഡോയുടെ ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി വളരെ രസകരമായിരുന്നു. ചിലപ്പോൾ അടുത്ത 10 വർഷത്തിനുള്ളിൽ താൻ വിരമിച്ചേക്കും എന്നാണ് റൊണാൾഡോ പറഞ്ഞത്. “സത്യം പറഞ്ഞാൽ അതിനെക്കുറിച്ച് എനിക്ക് അറിയില്ല, എനിക്ക് കളി നിർത്താൻ തോന്നുന്ന സമയം വരെ കളിക്കും. പക്ഷേ എന്റെ ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ ഉടനെ ഉണ്ടാകും, ഉടനെ എന്ന് ഉദേശിച്ചാൽ ചിലപ്പോൾ 10 വർഷമോ അതിൽ കൂടുതലോ (ചിരിച്ചുകൊണ്ട് തമാശ പറഞ്ഞതാണെന്ന് റൊണാൾഡോ പറയുന്നു). പക്ഷെ അടുത്ത പത്ത് വർഷത്തിനുള്ളിൽ വിരമിച്ചേക്കാം.” – ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
Cristiano Ronaldo on his retirement: “Maybe in 10 years”. 😄🇵🇹 pic.twitter.com/nm45E5tNrO
— Fabrizio Romano (@FabrizioRomano) January 19, 2024
മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡ്, ബയേൺ മ്യൂണിച്ച് ഹാരി കെയ്ൻ, പിഎസ്ജിയുടെ കൈലിയൻ എംബാപ്പെ എന്നിവരെ മറികടന്ന് 2023 ടോപ് സ്കോററായി റൊണാൾഡോ മാറിയിരുന്നു. അദ്ദേഹത്തിന്റെ മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായി വെള്ളിയാഴ്ച നടന്ന 2023 ഗ്ലോബ് സോക്കർ അവാർഡിൽ മികച്ച ഗോൾസ്കോറർക്കുള്ള ഡീഗോ മറഡോണ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.