നെയ്മർ, എംബാപ്പെ, മെസ്സി എന്നിവരെ കണ്ട സന്തോഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ, കൈലിയൻ എംബാപ്പെ, സെർജിയോ റാമോസ് എന്നിവർ വീണ്ടും നേർക്കുനേർ നേരിടുന്നത് റിയാദിൽ നടന്ന എക്സിബിഷൻ മത്സരത്തിൽ കാണാൻ സാധിച്ചു. മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അടങ്ങുന്ന റിയാദ് സീസൺ ടീമിനെയാണ് നേരിട്ടത്.

സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ രണ്ട് ക്ലബ്ബുകളായ അൽ നാസർ, അൽ ഹിലാൽ എന്നിവരുടെ സംയുക്ത ടീമിന് റിയാദ് സീസണിൽ അണിനിരന്നത്.സൗദി അറേബ്യയിൽ റൊണാൾഡോയുടെ ആദ്യ ഔട്ടിംഗ് ആയിരുന്നു ഇന്നലത്തെ മത്സരം.പിഎസ്‌ജിക്കെതിരെ മികച്ച പ്രകടനം നടത്താൻ റിയാദ് ഇലവന് സാധിച്ചെങ്കിലും നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടി.മെസ്സി, നെയ്മർ, എംബാപ്പെ, തന്റെ ദീർഘകാല റയൽ മാഡ്രിഡ് സഹതാരം സെർജിയോ റാമോസ് എന്നിവരെ ഉൾപ്പെടുത്തിയ പിഎസ്ജി ടീമിനെതിരെ റിയാദ് സീസൺ ടീം 11-നായി റൊണാൾഡോ ഇരട്ട ഗോളുകൾ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പിൻവലിക്കപ്പെട്ടെങ്കിലും സൗദിയിലെ തന്റെ തുടക്കം ഗംഭീരമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തന്റെ ടീമിന്റെ മുന്നേറ്റങ്ങളെ പലപ്പോഴും ഒറ്റക്കാണ് റൊണാൾഡോ നയിച്ചിരുന്നത്.മത്സരത്തിനിടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി നിമിഷങ്ങൾ ഉണ്ടായിരുന്നു, അവയുടെയെല്ലാം വീഡിയോകൾ ഇന്റർനെറ്റിൽ വൈറലായി.

കളി തുടങ്ങുന്നതിന് മുമ്പ് മെസ്സി, നെയ്മർ, എംബാപ്പെ എന്നിവരുമായുള്ള ക്രിസ്റ്റ്യാനോയുടെ ആശയവിനിമയമാണ് വലിയ ട്രാഫിക് നേടുന്ന വീഡിയോകളിലൊന്ന്. പിഎസ്ജി ത്രയം കളത്തിലിറങ്ങാൻ തയ്യാറെടുക്കുമ്പോൾ റൊണാൾഡോ പിന്നിൽ നിന്ന് വന്ന് മൂന്ന് പേരെയും ആലിംഗനം ചെയ്തു, ഹൃദയസ്പർശിയായ ആ നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മത്സരത്തിനു ശേഷം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏതാനും ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത റൊണാൾഡോ സന്തോഷം തോന്നുന്നുവെന്നാണ് അതിനൊപ്പം കുറിച്ചത്. മൈതാനത്തേക്ക് വീണ്ടും മടങ്ങിയെത്താനും ഗോളുകൾ നേടാനും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞ താരം തന്റെ പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിഞ്ഞതും സന്തോഷമാണെന്ന് പറഞ്ഞു. റൊണാൾഡോ ഷെയർ ചെയ്‌ത ചിത്രങ്ങളിൽ മെസിക്കൊപ്പമുള്ളതുമുണ്ടായിരുന്നു. അതേസമയം റാമോസ്, നവാസ് തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള ഒരു ചിത്രം പോലും റൊണാൾഡോ ഷെയർ ചെയ്‌തിട്ടില്ല.ഞായറാഴ്ച (ജനുവരി 22) സൗദി പ്രൊഫഷണൽ ലീഗിൽ അൽ നാസറിന് വേണ്ടി റൊണാൾഡോ അരങ്ങേറ്റം കുറിക്കും, അദ്ദേഹത്തിന്റെ ടീം റിയാദിലെ മിർസൂൽ പാർക്കിൽ അൽ ഇത്തിഫാഖിനെ നേരിടും.

Rate this post
Cristiano RonaldoLionel Messi