ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗ് സൗദിയിലാകും, ആത്മവിശ്വാസത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറുമെന്ന് ഫുട്ബോൾ ആരാധകരിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയ താരം റെക്കോർഡ് പ്രതിഫലം കൈപ്പറ്റിയാണ് അൽ നസ്‌റിലെത്തിയത്. സൗദി അറേബ്യയിൽ പുതിയ റെക്കോർഡുകൾ തകർക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് ട്രാൻസ്‌ഫറിനു ശേഷം റൊണാൾഡോ പ്രതികരിച്ചത്.

സൗദിയിൽ റൊണാൾഡോ ഗോളടിച്ചു കൂട്ടുന്നുണ്ടെങ്കിലും ഈ സീസണിൽ കിരീടങ്ങൾ അൽ നസ്ർ നേടുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ റൊണാൾഡോ ഈ സീസൺ അവസാനിച്ചാൽ യൂറോപ്പിലേക്ക് തിരിച്ചു വരുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനെ നിഷേധിക്കുന്ന രീതിയിലുള്ള പ്രതികരണം കഴിഞ്ഞ ദിവസം നടത്തിയ താരം ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാവും സൗദി ലീഗെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.

“ഞങ്ങൾ മികച്ചു നിൽക്കുന്നു, സൗദി ലീഗ് കൂടുതൽ മികച്ചതാകുന്നു, അടുത്ത സീസണിൽ ഇനിയും മികച്ചതാകും. പടിപടിയായി ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളിൽ ഒന്നാവും സൗദിയിലേത്. എന്നാൽ അതിനു സമയവും കളിക്കാരും സൗകര്യങ്ങളും വേണം. ഈ രാജ്യത്തിനു അതിനുള്ള കഴിവുള്ളതിനാൽ തന്നെ ലീഗ് ഇനിയും മെച്ചെപ്പെടുമെന്നാണ് എന്റെ അഭിപ്രായം.” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ സൗദി ലീഗിന് വലിയ പ്രശസ്‌തി ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നേരത്തെ സൗദി ലീഗിലേക്കുള്ള താരങ്ങളുടെ ട്രാൻസ്‌ഫർ വലിയ ചർച്ചകൾ ഉണ്ടാക്കിയിരുന്നില്ല. എന്നാലിപ്പോൾ പ്രധാന താരങ്ങൾ യൂറോപ്പ് വിടാനുള്ള സാധ്യത വരുമ്പോൾ തന്നെ സൗദി അറേബ്യയിലേക്ക് ചേക്കേറാനുള്ള സാധ്യതയാണ് ചർച്ച ചെയ്യപ്പെടുന്നത്.

അൽ നസ്റിൽ റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തുന്നത്. ജനുവരിയിൽ ടീമിലെത്തിയ താരം പതിനാലു ഗോളുകൾ ലീഗിൽ നേടിക്കഴിഞ്ഞു. ഈ സീസൺ അവസാനിക്കുന്നതോടെ കൂടുതൽ മികച്ച താരങ്ങൾ സൗദി ലീഗിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ട്. അത് ലീഗിന്റെ നിലവാരം ഉയരാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Rate this post
Cristiano Ronaldo