ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരഞ്ഞ സ്പോർട്സ് താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗൂഗിളിന്റെ സെർച്ച് ഇണ്ടക്സിനെ ഉദ്ധരിച്ച് ലോകപ്രശസ്ത മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം 199.4 മില്യൺ ആളുകളാണ് ഗൂഗിളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞത്. 140.9 മില്യൻ ആളുകൾ സെർച്ച് ചെയ്ത ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറാണ് പട്ടികയിലെ രണ്ടാമൻ.
104.4 മില്യൻ ആളുകൾ സെർച്ച് ചെയ്ത ലയണൽ മെസ്സി പട്ടികയിലെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ 3 സ്ഥാനങ്ങളും ഫുട്ബോൾ താരങ്ങൾ കൈയ്യടക്കിയപ്പോൾ നാലാം സ്ഥാനം സ്വന്തമാക്കിയത് എൻബിഎ താരമായ ലേബറോൻ ജെയിംസാണ്. 72.1 മില്യൻ ആളുകളാണ് ഈ വർഷം ജെയിംസിനെ ഗൂഗിളിൽ തിരഞ്ഞത്. 68 മില്യൻ ആളുകൾ തിരഞ്ഞ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് പട്ടികയിലെ അഞ്ചാമൻ. ടോപ് ടെൻ പട്ടികയിൽ ഇടപെട്ട ഏക ക്രിക്കറ്റ് താരവും കോഹ്ലി തന്നെയാണ്.
കിലിയൻ എംബാപ്പേ (63.7 മില്യൻ), ടെന്നീസ് താരങ്ങളായ കാർലോസ് അൽകാരസ് (60 മില്യൻ), നോവോക്ക് ജോക്കോവിച്ച് (58.4 മില്യൻ), സിറ്റിയുടെ യുവതാരം ഏർലിംഗ് ഹലാണ്ട് (43.4), ഫോർമുല 1 താരം ലൂയിസ് ഹാമിൽട്ടൻ (34.9) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ആദ്യ പത്ത് കായിക താരങ്ങൾ.
🚨OFFICIAL:
— TCR. (@TeamCRonaldo) October 23, 2023
Cristiano Ronaldo is the most searched athlete in the world with 199.4 million searches over the year. pic.twitter.com/YxVPhK7reh
റൊണാൾഡോ യൂറോപ്പ് വിട്ട് സൗദിയിലേക്ക് പോയതോടെ റോണോയുടെ മാർക്കറ്റ് വാല്യൂ തകർന്നെന്ന് പറഞ്ഞവർക്കുള്ള കൃത്യമായ ഉത്തരമാണ് ഈ വർഷവും ഗൂഗിളിൽ ഒന്നാമനായുള്ള റോണോയുടെ തേരോട്ടം.