യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസ് ഫ്രഞ്ച് ശക്തികളായ ലിയോണിനെ കീഴടക്കിയത്. എന്നിരുന്നാലും എവേ ഗോളിന്റെ ആനുകൂല്യം ലഭിച്ച ലിയോൺ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കെറ്റ് എടുക്കുകയായിരുന്നു. മത്സരത്തിലെ യുവന്റസിന്റെ രണ്ട് ഗോളുകളും പിറന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. ആദ്യം നാല്പത്തിമൂന്നാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും അറുപതാം മിനുട്ടിൽ മനോഹരമായ ഒരു ലോങ്ങ് റേഞ്ചിലൂടെയുമാണ് താരം ഗോൾ നേടിയത്. താരത്തിന്റെ ഇരട്ടഗോൾ നേട്ടത്തോടെ ഒരുപിടി റെക്കോർഡുകൾ ആണ് താരം സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്.
ആദ്യമായി കഴിഞ്ഞ രണ്ടു വർഷം ചാമ്പ്യൻസ് ലീഗിൽ നോക്കോട്ട് റൗണ്ടുകളിൽ യുവന്റസ് നേടിയ ഗോളുകൾ എല്ലാം തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വകയായിരുന്നു. ആകെ ഏഴ് ഗോളുകൾ ആണ് ഈ രണ്ട് വർഷത്തെ യുസിഎൽ നോക്കോട്ട് റൗണ്ടിൽ യുവന്റസ് നേടിയത്. ഇതിൽ അയാക്സിനെതിരെ ഇരട്ടഗോൾ, ലിയോണിനെതിരെ ഇരട്ടഗോൾ, അത്ലറ്റികോ മാഡ്രിഡിനെതിരെ ഹാട്രിക് എന്നിങ്ങനെ ഏഴ് ഗോളുകളും റൊണാൾഡോ ആണ് നേടിയത്.
കഴിഞ്ഞ 13 ചാമ്പ്യൻസ് ലീഗ് നോക്കോട്ട് റൗണ്ടിലെ ഹോം മത്സരങ്ങളിൽ നിന്നായി 20 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. ചാമ്പ്യൻസ് ലീഗിൽ ആകെ 67 നോക്കോട്ട് റൗണ്ട് ഗോളുകൾ താരം അടിച്ചു കൂട്ടി. 46 ഗോളുകൾ നേടിയ മെസ്സിയാണ് രണ്ടാമത്. 21 നോക്കോട്ട് റൗണ്ട് ഗോളുകൾക്ക് പിറകിലാണ് മെസ്സി. അതേസമയം പ്രീക്വാർട്ടറിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് മെസ്സിയുടെ പേരിലാണ്. 26 ഗോളുകൾ ആണ് മെസ്സി പ്രീക്വാർട്ടറിൽ നേടിയിട്ടുള്ളത്. 24 എണ്ണം നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ തൊട്ടുപിറകിലുണ്ട്.
ഒരു സീസണിൽ യുവന്റസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. ഈ സീസണിൽ 36 ഗോളുകൾ നേടികൊണ്ടാണ് താരം ഈ റെക്കോർഡ് തകർത്തത്. 95 വർഷം പഴക്കമുള്ള റെക്കോർഡ് ആയിരുന്നു ഇത്.
മറ്റൊരു റെക്കോർഡ് എന്നുള്ളത് ഒരു പ്രത്യേക ടീമിനെതിരെ മൂന്ന് വ്യത്യസ്ഥ ടീമുകൾക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് ഗോൾ കണ്ടെത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമാണ് റൊണാൾഡോ. ലിയോണിനെതിരെ യുണൈറ്റഡ്, റയൽ, യുവന്റസ് എന്നീ ജേഴ്‌സിയിൽ താരം ഗോളുകൾ നേടി. യുവന്റസിനെതിരെ ജോർജ് ബട്ടും ബയേൺ മ്യൂണിക്കിനെതിരെ നിസ്റ്റൽറൂയിയും നേടിയതാണ് ഇതിന് മുൻപത്തെ രണ്ട് പേർ.