ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , കരിയറിൽ 500 ലീഗ് ഗോളുകളും |Cristiano Ronaldo

മുപ്പത്തിയെട്ടാം വയസ്സിലും ലോക ഫുട്ബോളിൽ തനിക്ക് ഒരു സ്ഥാനമുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ അൽ വെഹ്ദയ്‌ക്കെതിരായ അൽ നാസറിന്റെ സൗദി പ്രോ ലീഗ് മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നാല് ഗോളുകൾ നേടുകയും കരിയറിലെ 61-ാമത് ഹാട്രിക് നേടുകയും ചെയ്തു.

മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനുറ്റിലാണ് റൊണാൾഡോ ഗോളടി ആരംഭിച്ചത്‌.ഇതോടെ 500 കരിയർ ലീഗ് ഗോളുകൾ എന്ന നേട്ടത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു. നാൽപ്പതാം മിനുറ്റിലും എതിർ വല കുലുക്കി ഡബിളുമായാണ് അദ്ദേഹം ആദ്യ പകുതി അവസാനിപ്പിച്ചത്. ആദ്യ പകുതിയിലെ മികവ് രണ്ടാം പകുതിയിലും തുടർന്ന താരം അൻപത്തിമൂന്നാം മിനുറ്റിൽ സൗദി അറേബ്യയിലെ തന്റെ ആദ്യ ഹാട്രിക്ക് തികച്ചു. ഇതിന് ശേഷം അറുപത്തിയൊന്നാം മിനുറ്റിൽ പെനാൽറ്റിയിൽ നിന്നും വല കുലുക്കി തന്റെ ഗോൾ ടാലി നാലാക്കി അദ്ദേഹം ഉയർത്തി.

റൊണാൾഡോ 4 ഗോളുകൾ നേടിയ മത്സരത്തിൽ അൽനസർ 4-0 ന് അൽവെഹ്ദയെ തകർത്തു‌.ഈ പ്രകടനത്തോടെ, റൊണാൾഡോ ലീഗിൽ തന്റെ ഗോളുകളുടെ എണ്ണം അഞ്ചായി ഉയർത്തി.ഇത് ഒമ്പതാം തവണയാണ് റൊണാൾഡോ ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത്. 2019ൽ ലിത്വാനിയയ്‌ക്കെതിരെ യൂറോപ്യൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന നാല് ഗോൾ പ്രകടനം. ജയത്തോടെ 16 കളികളിൽ 17 പോയിന്റായ അൽ നസർ സൗദി ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

“ടീമിന്റെ മികച്ച വിജയത്തിൽ 4 ഗോളുകൾ നേടാനും എന്റെ 500-ാം ലീഗ് ഗോളിൽ എത്താനും കഴിഞ്ഞതിൽ വലിയ സന്തോഷം,” വിജയത്തിന് ശേഷം റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച അൽ ഫത്തേയ്‌ക്കെതിരായ എവേ സമനിലയിൽ സ്റ്റോപ്പേജ്-ടൈം പെനാൽറ്റിയിലൂടെ റൊണാൾഡോ തന്റെ പുതിയ ക്ലബ്ബിനായ് അക്കൗണ്ട് തുറന്നിരുന്നു.

Rate this post
Cristiano Ronaldo