ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യൂണൈറ്റഡിലെ ട്രാൻസ്ഫർ നാടകങ്ങൾക്ക് അവസാനമോ? |Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസ്ഥ ഒരു അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതായി തോന്നുന്നു.പോർച്ചുഗീസ് സ്‌ട്രൈക്കർ ചെൽസി, ബയേൺ മ്യൂണിക്ക്, പാരീസ് സെന്റ് ജെർമെയ്ൻ, റയൽ മാഡ്രിഡ് ,അത്‌ലറ്റിക്കോ മാഡ്രിഡ്, സ്‌പോർട്ടിംഗ് സിപി തുടങ്ങിയ ക്ലബ്ബുകളുമായി ബന്ധപ്പെട്ടിരുന്നു.

യുണൈറ്റഡ് വിട്ട് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നതുകൊണ്ടാണ് റൊണാൾഡോ ട്രാൻസ്ഫറിനായി ശ്രമം നടത്തുന്നത്.കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിലേക്കാണ് യോഗ്യത നേടിയത്. എന്നാൽ മുകളിൽ പറഞ്ഞ എല്ലാ ക്ലബ്ബുകളും റൊണാൾഡോയെ സൈൻ ചെയ്യാനുള്ള അവസരം നിരസിച്ചതിന് ശേഷം പോർച്ചുഗീസ് താരം ഇംഗ്ലണ്ടിൽ തന്നെ തുടരുമെന്ന് തോന്നുന്നു.

ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റണെതിരായ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് ഓപ്പണറിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ കോച്ച് എറിക് ടെൻ ഹാഗ് ഇക്കാര്യം തുറന്നുപറഞ്ഞു.”അദ്ദേഹം ഇവിടെ വന്നതിൽ എനിക്ക് സന്തോഷമുണ്ട് .ഞങ്ങൾക്ക് ഒരു മികച്ച സ്‌ട്രൈക്കർ ഉണ്ട്. ഞങ്ങൾ പദ്ധതിയിൽ ഉറച്ചുനിൽക്കുന്നു” ടെൻ ഹാഗ് പറഞ്ഞു.ട്രാൻസ്ഫർ വിൻഡോയുടെ അവസാനം അടുത്തുവരുന്നതിനാൽ റൊണാൾഡോയുടെ ഭാവി യുണൈറ്റഡിലായിരിക്കുമെന്ന് ആ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നു.

ഞായറാഴ്ച പ്രീമിയർ ലീഗിൽ ബ്രൈറ്റണെതിരായ മത്സരത്തിന് മുന്നോടിയായി ടെൻ ഹാഗിന്റെ ആശങ്കാജനകമായ ഒരു മേഖലയായി ഇപ്പോൾ സെന്റർ ഫോർവേഡ് ഉയർന്നുവന്നിരിക്കുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് സീനിയർ സ്‌ട്രൈക്കർ, എന്നാൽ പ്രീ-സീസണിൽ അദ്ദേഹം ഒരു മത്സരം മാത്രമാണ് കളിച്ചത്. നാളത്തെ മത്സരത്തിൽ റൊണാൾഡോയുടെ സാധ്യതയെക്കുറിച്ച് ടെൻ ഹാഗിനോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ “ഞായറാഴ്ച കാണാം” എന്നാണ് മറുപടി പറഞ്ഞത്.

Rate this post
Cristiano RonaldoManchester United