അന്താരാഷ്ട്ര മത്സരങ്ങൾ അവസാനിച്ചതോടെ താരങ്ങളും ക്ലബ്ബുകളും അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിലാണ്. ഒരു പുതിയ യൂറോപ്യൻ സീസൺ ആരംഭിക്കുന്നതിനു മുൻപ് വമ്പൻ ക്ലബ്ബുകളെല്ലാം പുതിയ താരങ്ങളെ ടീമിലെത്തിച്ച് സ്ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ തവണ ലിഗ് 1 കിരീടം നഷ്ടപെട്ട പിഎസ്ജി യാണ് ഇതുവരെ വമ്പൻ ക്ലബ്ബുകളിൽ മികച്ച താരങ്ങളെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡ് ഇതിഹാസം സെർജിയോ റാമോസ്, മുൻ ലിവർപൂൾ മിഡ്ഫീൽഡർ ജോർജീനിയോ വിജ്നാൽഡം, മുൻ ഇന്റർ മിലാൻ ഫുൾ ബാക്ക് അക്രഫ് ഹകിമി ,എസി മിലാനിൽ നിന്നുള്ള യൂറോ 2020 പ്ലെയർ ഓഫ് ദി ടൂർണമെന്റ് ജിയാൻലുയിഗി ഡോണറുമ്മ എന്നിവരാണ് പാരിസിൽ എത്തിയത്. നെയ്മർ, കൈലിയൻ എംബപ്പേ, എയ്ഞ്ചൽ ഡി മരിയ എന്നിവർക്കൊപ്പം പുതിയ താരങ്ങളും കൂടി ചേരുമ്പോൾ മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീം യൂറോപ്പിലെ തന്നെ ഏറ്റവും മികച്ചതായി മാറും.
പിഎസ്ജി ലീഗ് 1 കിരീടത്തെക്കാൾ ഉപരി ചാമ്പ്യൻസ് ലീഗാണ് ലക്ഷ്യം വെക്കുന്നത്. അത്കൊണ്ട് തന്നെ ശക്തമായ സ്ക്വാഡിനെ തന്നെയാണ് അണിനിരക്കുന്നത്. അതിന്റെ ഭാഗമായി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ ടീമിനൊപ്പം ചേർക്കാനുളള ശ്രമത്തിലാണ് പിഎസ്ജി . എൽ എക്വിപ്പ് സൺ എന്നിവരുടെ റിപോർട്ടനുസരിച്ച് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസിൽ നിന്ന് ഒരു സെൻസേഷണൽ സ്വാപ്പ് ഡീലിലൂടെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് പാരീസ് ക്ലബ്. 36 കാരനായ സ്ട്രൈക്കർക്ക് യുവന്റസിലെ കരാറിൽ ഒരു വർഷം കൂടിയാണ് അവശേഷിക്കുന്നത്. പിഎസ്ജി യുടെ അർജന്റീനിയൻ ഫോർവേഡ് മൗറോ ഇകാർഡിയെയാണ് റൊണാൾഡോക്ക് പകരം പിഎസ്ജി യുവന്റസിന് നല്കാൻ ഉദ്ദേശിക്കുന്നത്.
.@Cristiano and Mauro Icardi ‘considered for swap deal’ between Juventus and PSG https://t.co/yUX4VyPukY
— Irish Mirror Sport (@MirrorSportIE) July 19, 2021
യുവന്റസിന് പണ്ടേ താല്പര്യമുള്ള താരമാണ് ഇകാർഡി. കിംവദന്തികൾക്കിടയിലും റൊണാൾഡോ തങ്ങളുടെ ടീമിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി യുവന്റസ് പ്രസ്താവന ഇറക്കിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്നും ഈ മാസം അവസാനം ടൂറിനിൽ തിരിച്ചെത്തുമെന്നും ക്ലബ് ഡയറക്ടർ പവൽ നെഡ്വേഡ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ റൊണാൾഡോ തുടരുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുക തന്നെയാണ്. റൊണാൾഡോയെ പോലെ വലിയ വേതനം കൈപ്പറ്റുന്ന താരത്തെ സ്വന്തമാക്കാൻ കെൽപ്പുള്ള ക്ലബ്ബുകളിൽ ഒന്നാണ് പിഎസ്ജി.2018 ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലെത്തിയ റൊണാൾഡോ 133 മത്സരങ്ങളിൽ നിന്ന് 22 അസിസ്റ്റുകൾ ഉൾപ്പെടെ 101 ഗോളുകൾ നേടി ഒന്നിലധികം വ്യക്തിഗത അംഗീകാരങ്ങൾ നേടുകയും ചെയ്തു. കഴിഞ്ഞ സീസണിൽ യുവന്റസിനൊപ്പം രണ്ടു കിരീടങ്ങൾ നേടുകയും ചെയ്തിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട യുവന്റസിന് റൊണാൾഡോ വേതനം കുറച്ചാൽ മാത്രമേ പുതിയ കരാർ നല്കുവാൻ സാധിക്കുകയുള്ളു.
ഒൻപത് വർഷത്തിന് ശേഷം തുടർച്ചയായി നേടി കൊണ്ടിരുന്ന സിരി എ കിരീടം നഷ്ടപ്പെട്ടതും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്തായതും അവസാന ദിവസം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചതുമെല്ലാം റൊണാൾഡോയുടെ ഭാവി സംശയത്തിലാക്കിയിരുന്നു. എന്തായാലും വരും ആഴച്ചകളിൽ സൂപ്പർ താരത്തിന്റ ഭാവിയെക്കുറിച്ചുള്ള പൂർണ ചിത്രം ലഭിക്കും. അതിനിടയിൽ സൂപ്പർ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് “തീരുമാനങ്ങൾ എടുക്കുന്ന ദിവസം” എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത ചിത്രം കൂടുതൽ ചർച്ച ആയിരിക്കുകയാണ്. താരം ക്ലബ് വിടുന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കുന്നതിനെ കുറിച്ചാണോ പ്രതിപാദിക്കുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.