സൗദി ലീഗിൽ വീണ്ടും റൊണാൾഡോ തരംഗം, രണ്ട് അസിസ്റ്റുകളുമായി ടീമിനെ വിജയത്തിലെത്തിച്ച് താരം

സൗദി ലീഗിലേക്ക് ചേക്കേറിയതിനു ശേഷമുള്ള ആദ്യത്തെ മത്സരങ്ങളിൽ തന്റെ മികവ് പൂർണമായി പുറത്തെടുക്കാൻ റൊണാൾഡോക്ക് കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ ടീമിന്റെ പ്രധാന താരമായി തിളക്കമാർന്ന പ്രകടനമാണ് പോർച്ചുഗൽ നായകൻ നടത്തുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ അൽ നസ്ർ വിജയം നേടിയപ്പോൾ പിറന്ന രണ്ടു ഗോളുകളുടെയും അസിസ്റ്റ് താരത്തിന്റെ വകയായിരുന്നു.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ ടാവോണിനെതിരെയാണ് അൽ നസ്ർ വിജയം നേടിയത്. പതിനേഴാം മിനുട്ടിൽ അബ്ദുൾറഹ്മാൻ ഗരിബും എഴുപത്തിയെട്ടാം മിനുട്ടിൽ അബ്ദുല്ലാ മഡുവുമാണ് അൽ നസ്‌റിനായി ഗോളുകൾ നേടുന്നത്. നാൽപത്തിയേഴാം മിനുട്ടിൽ മെഡ്രാൻ അൽ ടാവോണിനായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അൽ നസ്ർ പൊരുതി വിജയം നേടിയെടുക്കുകയായിരുന്നു.

മത്സരത്തിൽ റൊണാൾഡോ നൽകിയ ആദ്യത്തെ അസിസ്റ്റ് അതിമനോഹരമായിരുന്നു. അൽ നസ്ർ സഹതാരം നൽകിയ പന്ത് ആദ്യത്തെ ടച്ചിൽ തന്നെ ഇടതു വിങ്ങിലൂടെ മുന്നേറിക്കൊണ്ടിരുന്ന അബ്ദുൾറഹ്‌മാൻ കരീബിനു നൽകിയാണ് റൊണാൾഡോ ആദ്യ അസിസ്റ്റ് സ്വന്തമാക്കിയത്. താരത്തിന്റെ അപാരമായ വിഷൻ ആരാധകർക്ക് വ്യക്തമാക്കി നൽകുന്നതായിരുന്നു ആ പാസ്. ഖരീബ്‌ അത് കൃത്യമായി വലയിലെത്തിച്ച് ടീമിനു ലീഡ് നേടിക്കൊടുത്തു.

അതേസമയം രണ്ടാമത്തെ അസിസ്റ്റ് ഒരു അബദ്ധത്തിൽ നിന്നും ഉണ്ടായതാണ്. എഴുപത്തിയെട്ടാം മിനുട്ടിൽ ഒരു അൽ നസ്ർ താരം ഗോളിലേക്ക് ഉതിർത്ത ഷോട്ട് പോസ്റ്റിൽ നിൽക്കുകയായിരുന്ന റൊണാൾഡോ ടാപ്പിൻ ചെയ്യാൻ നോക്കിയപ്പോൾ കാലിൽ തട്ടി അബ്ദുള്ള മഡുവിനു ലഭിച്ചു. താരം ഉടനെ തന്നെ അത് അനായാസം വലയിലെത്തിച്ച് ടീമിന് ലീഡും വിജയവും സ്വന്തമാക്കി നൽകുകയും ചെയ്‌തു.

മത്സരത്തിൽ വിജയം നേടിയതോടെ അൽ നസ്ർ ലീഗിൽ ഒന്നാം സ്ഥാനത്താണ്. പതിനേഴു മത്സരങ്ങളിൽ നിന്നും നാൽപതു പോയിന്റാണ് അൽ നസ്റിനുള്ളത്. എന്നാൽ കിരീടപ്പോരാട്ടത്തിൽ അൽ നസ്ർ കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. അൽ ഇത്തിഹാദ്, അൽ ശബാബ് എന്നിവർക്കെല്ലാം അതെ പോയിന്റാണുള്ളത്. എന്നാൽ റൊണാൾഡോയുടെ കരുത്തിൽ കിരീടം നേടാമെന്നാണ് അൽ നസ്ർ പ്രതീക്ഷിക്കുന്നത്.

Rate this post
Cristiano Ronaldo