ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അത്ഭുതപെടുത്തിക്കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് രണ്ടാം വരവ് വന്നത്. തന്നെ താനാക്കിയ ക്ലബ്ബിലേക്ക് 12 വർഷത്തിന് ശേഷം 36 ആം വയസ്സിൽ തിരിച്ചെത്തിയിരിക്കുകയാണ്. പല സൂപ്പർ താരങ്ങളും കളി അവസാനിപ്പിക്കുന്ന 36 ആം വയസ്സിൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിലേക്ക് ഒരു ട്രാൻസ്ഫർ പല താരങ്ങൾക്കും വിശ്വസിക്കാനാവാത്ത ഒരു കാര്യമാണ് റൊണാൾഡോ ചെയ്തിരിക്കുന്നത്. പലപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി കാണുമ്പോൾ പ്രായം ബാധിക്കില്ലെന്ന് തോന്നി പോവാറുണ്ട്. പ്രായം കൂടുന്തോറും കളിക്കളത്തിൽ കൂടുതൽ ചെറുപ്പമാവുന്ന താരമായി റൊണാൾഡോ മാറിക്കൊണ്ടിരിക്കുകയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ, വെസ്റ്റ് ഹാം, യംഗ് ബോയ്സ് എന്നിവർക്കെതിരായ അവസാന മൂന്ന് മത്സരങ്ങളിൽ നാല് ഗോളുകൾ നേടി ഓൾഡ് ട്രാഫോർഡിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കിയിരിക്കുകയാണ്.ഈ പ്രായത്തിലും 20 വയസ്സുള്ള യുവ താരങ്ങളെ നാണിപ്പിക്കുന്ന ഫിസിക്കൽ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന താരം കൂടിയാണ് റോണോ. അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനെതിരെ തന്റെ ഫിറ്റ്നസ് എന്താണെന്നു റൊണാൾഡോ കാണിച്ചു തരുകയും ചെയ്തു. മണിക്കൂറിൽ 32.51 കിലോമീറ്റർ വേഗതയിലാണ് 36 കാരൻ ഓടിയത്.
12 വര്ഷം മുൻപ് ഓൾഡ് ട്രാഫൊർഡിൽ കളിച്ച അതെ വേഗതയിൽ തന്നെയാണ് പോർച്ചുഗീസ് സ്ട്രൈക്കർ ഓടുന്നത്.ആ മത്സരത്തിൽ ആരോൺ വാൻ-ബിസ്സാക്കയേയും ജറോഡ് ബോവനേയും പിന്തള്ളി പിച്ചിലെ ഏറ്റവും വേഗതയേറിയ ഫുട്ബോൾ കളിക്കാരനായി അദ്ദേഹം കളി പൂർത്തിയാക്കി.വെസ്റ്റ് ഹാമിനെതിരായ പ്രകടനത്തിന് ശേഷം റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗുന്നാർ സോൾസ്ജെയർ പ്രശംസിക്കുകയും ചെയ്തു.
2003 18 വയസ്സുള്ളപ്പോൾ യൂണൈറ്റഡിലെത്തിയ റൊണാൾഡോ തന്നെ വളർത്തി വലുതാക്കിയ ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണ്. റൊണാൾഡോയുടെ ട്രാൻസ്ഫെറിലൂടെ യൂണൈറ്റഡിനും പലതും തെളിയിക്കാനുണ്ട്. ക്ലബിന് വേണ്ടിയും വ്യക്തിപരമായും എല്ലാ നേട്ടങ്ങളും നേടിയിട്ടാണ് 2009 ൽ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. സ്പെയിനിലും ഇറ്റലിയിലും എല്ലാം വെട്ടിപ്പിടിച്ച ശേഷം വീണ്ടും തന്നെ കളിപഠിപ്പിച്ച ഓൾഡ്ട്രാഫൊർഡിലേക്ക് 36 വയസ്സിൽ തിരിച്ചെത്തുന്നത് പലതും കാണിച്ചു കൊടുക്കാൻ തന്നെയാവും. റൊണാൾഡോയെ സംബന്ധിചിടത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ക്ലബ് മാത്രം ആയിരുന്നില്ല. തന്നെ ലോകം വെട്ടിപ്പിടിക്കാൻ പഠിപ്പിച്ച അദ്ദേഹത്തിന്റെ പറുദീസ ആയിരുന്നു.. അതെ..നമുക്ക് കാത്തിരുന്നു കാണാം.. ആവേശം അലതല്ലുന്ന ലോകത്തെ ഒന്നാം നമ്പർ ലീഗിൽ ഈ 36 ആം വയസ്സിലും അദ്ദേഹം കാഴ്ച വക്കാൻ പോകുന്നത് എന്താണെന്ന്…