നാലെണ്ണം നിറയൊഴിച്ചു കൊണ്ട് ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവ്, പിറന്നത് റെക്കോർഡുകൾ |Cristiano Ronaldo

സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടി ആദ്യ രണ്ട് മത്സരങ്ങളിലും ഗോളുകൾ നേടാനോ അസിസ്റ്റുകൾ നൽകാനോ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ വിമർശനങ്ങൾ വന്നു തുടങ്ങിയിരുന്നു.പിന്നീട് നടന്ന മത്സരത്തിൽ പെനാൽറ്റിലൂടെ റൊണാൾഡോ ഒരു ഗോൾ കണ്ടെത്തിയിരുന്നു. എന്നിരുന്നാലും ആ മത്സരത്തിൽ വിജയിക്കാൻ ക്ലബ്ബിന് സാധിച്ചിരുന്നില്ല.

ക്രിസ്റ്റ്യാനോയുടെ മികവ് കെട്ടടങ്ങി എന്ന വിമർശനങ്ങൾ ഉയർന്നു വരുന്നതിനിടയാണ് റൊണാൾഡോയുടെ ഒരു മാസ്മരിക പ്രകടനം ഇന്നലെ പിറന്നത്.നാല് തകർപ്പൻ ഗോളുകളാണ് റൊണാൾഡോ ഇന്നലത്തെ മത്സരത്തിൽ നേടിയത്.മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ തന്നെ രണ്ടു ഗോളുകൾ നേടി കൊണ്ട് റൊണാൾഡോ ഗംഭീരമാക്കിയിരുന്നു. സെക്കൻഡ് ഹാഫിൽ പെനാൽറ്റിലൂടെയും മറ്റൊരു ഓപ്പൺ പ്ലേ ഗോളിലൂടെയും ക്രിസ്റ്റ്യാനോ റൊണാൾഡോ നാല് ഗോളുകൾ നേടിയപ്പോൾ എതിരാളികൾ പോലും കയ്യടിച്ചു.

തന്റെ ഈ പ്രായത്തിലും തനിക്ക് ഒരുപാട് ഗോളുകൾ നേടാനാവും എന്നുള്ളത് ഒരിക്കൽ കൂടി ലോക ഫുട്ബോളിനോട് വിളിച്ചു പറയുകയാണ് ക്രിസ്റ്റ്യാനോ ചെയ്തിട്ടുള്ളത്. തന്റെ സീനിയർ കരിയറിൽ ആകെ 61ഹാട്രിക്കുകൾ പൂർത്തിയാക്കാൻ ഇപ്പോൾ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്.ലയണൽ മെസ്സി ആകെ 56 ഹാട്രിക്കുകളാണ് നേടിയിട്ടുള്ളത്.

ഇത് പതിനൊന്നാം തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത്.മാത്രമല്ല ലീഗുകളിൽ ആകെ 40 ഹാട്രിക്കുകൾ റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു.മെസ്സി ലീഗുകളിൽ 36 ഹാട്രിക്കുകളാണ് നേടിയിട്ടുള്ളത്.ക്ലബ്ബ് കരിയറിൽ 51 ഹാട്രിക്കുകൾ റൊണാൾഡോ പൂർത്തിയാക്കിയപ്പോൾ 48 ഹാട്രിക്കുകളാണ് മെസ്സിക്കുള്ളത്.മെസ്സിയെക്കാൾ മുൻതൂക്കം ഈ കണക്കുകളിൽ ഒക്കെ തന്നെയും റൊണാൾഡോക്ക് അവകാശപ്പെടാൻ കഴിയും.

മാത്രമല്ല ഇന്നലത്തെ ഗോളോടുകൂടി ക്രിസ്റ്റ്യാനോ തന്റെ കരിയറിൽ 500 ലീഗ് ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്.ആകെ 503 ലീഗ് ഗോളുകളാണ് ഇപ്പോൾ റൊണാൾഡോ നേടിയിട്ടുള്ളത്.പോർച്ചുഗീസ് ലീഗിൽ മൂന്ന് ഗോളുകൾ,ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 103 ഗോളുകൾ,ലാ ലിഗയിൽ 311 ഗോളുകൾ,സിരി എയിൽ 81 ഗോളുകൾ, സൗദി അറേബ്യൻ ലീഗിൽ അഞ്ചു ഗോളുകൾ എന്നിങ്ങനെയാണ് റൊണാൾഡോയുടെ കണക്കുകൾ.എവിടെയായാലും തനിക്ക് ഗോളുകൾ നേടാൻ കഴിയുമെന്ന് റൊണാൾഡോ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

Rate this post
Cristiano Ronaldo