‘ഖത്തറിൽ ബ്രസീലിന്റെ കണ്ണ് നീർ’ : ഷൂട്ട് ഔട്ടിൽ ക്രോയേഷ്യക്ക് മുന്നിൽ അടിതെറ്റി ബ്രസീൽ |Qatar 2022

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ ബ്രസീലിനെ കീഴടക്കി ഖത്തർ ലോകകപ്പിലെ അവസാന എട്ടിൽ സ്ഥാനം പിടിച്ച് ക്രോയേഷ്യ . ഷൂട്ട് ഔട്ടിൽ ബ്രസീൽ താരം റോഡ്രിഗോ എടുത്ത ആദ്യ കിക്ക് തടുത്ത കീപ്പർ ലിവാകോവിച്ച് ആണ് വിജയശില്പി.എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാനത്തിൽ സൂപ്പർ താരം നെയ്മർ നേടിയ മികച്ച ഒരു ഗോളിൽ ബ്രസീൽ മുന്നിലെത്തിയെങ്കിലും 117 ആം മിനുട്ടിൽ ബ്രൂണോ പെറ്റ്കോവിച്ച് നേടിയ ഗോളിൽ ക്രോയേഷ്യ സമനില പിടിക്കുകയായിരുന്നു.നിശ്ചിത സമയത്ത് ഗോൾ രഹിതമായിരുന്നു കളി എക്സ്ട്രാ ടൈമിൽ 1-1 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2നാണ് ക്രൊയേഷ്യ വിജയിച്ചത്.

കൊറിയയെ കീഴടക്കിയ അതെ ടീമുമായാണ് ബ്രസീൽ ഇന്നിറങ്ങിയത്.മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രെസ്സിങ് ഗെയിമുമായി ക്രൊയേഷ്യ ബ്രസീലിന്റെ മുന്നേറ്റങ്ങൾ എല്ലാം തടഞ്ഞു. ബ്രസീല്‍ പെനാല്‍റ്റി ബോക്‌സില്‍ ക്രൊയേഷ്യന്‍ മുന്നേറ്റം,13-ാം മിനുറ്റില്‍ പെരിസിച്ചിന്‍റെ ഫിനിഷിംഗ് ചെറുതായൊന്ന് പിഴച്ചില്ലായിരുന്നെങ്കില്‍ ക്രൊയേഷ്യക്ക് ലീഡ് കണ്ടെത്താമായിരുന്നു.

ക്രൊയേഷ്യന്‍ മുന്നേറ്റങ്ങള്‍ തുടരുന്നതോടെ ബ്രസീല്‍ പ്രതിരോധത്തിലേക്ക് വലഞ്ഞു.21-ാം മിനുറ്റില്‍ നെയ്മറുടെ ശ്രമവും ഗോളിയുടെ കൈകളില്‍ വിശ്രമിച്ചു. 23-ാം മിനുറ്റില്‍ നെയ്‌മറുടെ താളം കൃത്യമായി കണ്ട നീക്കത്തില്‍ കസിമിറോയ്ക്ക് ഗോള്‍വല ഭേദിക്കാനായില്ല. 30 ആം മിനുട്ടിൽ പെരിസിച്ചിന്റെ ഷോട്ട് പുറത്തേക്ക് പോയി.42-ാം മിനുറ്റില്‍ ബോക്‌സിന് തൊട്ട് പുറത്തുവച്ച് കിട്ടിയ ഫ്രീകിക്കില്‍ നെയ്‌മറുടെ ഷോട്ട് കൃത്യം ഗോളിയുടെ കൈകളിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ മുന്നേറി കളിച്ചു. ബ്രസീലിനു ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ലിവാകോവിച്ച് മികച്ച സേവ് നടത്തി. 54 ആം മിനുട്ടിൽ റിചാലിസൺ കൊടുത്ത പാസിൽ നിന്നും നെയ്മറുടെ ഗോളെന്നുറച്ച ഷോട്ട് ക്രോയേഷ്യൻ കീപ്പർ ലിവാകോവിച്ച് തടുത്തിട്ടു.65 ആം മിനുട്ടിൽ ബ്രസീലിനു വീണ്ടും ഗോൾ നേടാൻ അവസരം ലഭിച്ചു. എന്നാൽ പക്വേറ്റയുടെ ഷോട്ട് ലിവാകോവിച്ച് തട്ടിയകറ്റി.

76 ആം മിനുട്ടിൽ നെയ്മർ ബോക്‌സിനുള്ളിൽ ഒരു റിവേഴ്‌സ് പാസ് സ്വീകരിച്ച് ഗോൾ ലക്ഷ്യമാക്കി അടിച്ച ഷോട്ട് പക്ഷേ ഡൊമിനിക് ലിവാകോവിച്ച് തടുത്തിട്ടു.ബ്രസീലിന് ഒരു കോർണർ കിക്ക് ലഭിച്ചു. നെയ്മറുടെ നേതൃത്വത്തിൽ ബ്രസീൽ ആക്രമണം തുടർന്ന് കൊണ്ടേയിരുന്നു.79 ആം മിനുട്ടിൽ റോഡ്രിഗോയുടെ പാസിൽ നിന്നും ബോക്സിനു അരികിൽ നിന്നും പക്വേറ്റ എടുതെ ഷോട്ട് ഗോൾ കീപ്പർ കൈപ്പിടിയിലൊതുക്കി. മത്സരം അവസാന 10 മിനുട്ടിലേക്ക് കടന്നു.84 ആം മിനുട്ടിൽ റിച്ചാര്‍ലിസണ് പകരം പെഡ്രോ കളത്തിലിറങ്ങി.

നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. അധിക സമയത്തും ബ്രസീൽ ആക്രമണം തുടർന്നെങ്കിലും ലക്‌ഷ്യം കാണാൻ സാധിക്കുന്നില്ല. ക്രോട്ട് കീപ്പർ ലിവാകോവിച്ച് പാറ പോലെ ഉറച്ചു നിന്നതോടെ ബ്രസീൽ മുന്നേറ്റങ്ങൾ എല്ലാം വിഫലമായി. 103 ആം മിനുട്ടിൽ ബ്രൂണോ പെറ്റ്‌കോവിച്ച് കൊടുത്ത പാസിൽ നിന്നുമുള്ള ബ്രോസോവിച്ചിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. 105 ആം മിനുട്ടിൽ നെയ്മറിലൂടെ ബ്രസീൽ മുന്നിലെത്തി.ലൂക്കാസ് പാക്വെറ്റയുടെ പാസിൽ നിന്നും ഡിഫെൻഡർമാരെയും ഗോൾ കീപ്പർമാരെയും കബളിപ്പിച്ച് നെയ്മർ ക്രോയേഷ്യൻ വലകുലുക്കി. ബ്രസീലിനായുള്ള നെയ്മറുടെ 77 ആം ഗോളായിരുന്നു ഇത്.

എന്നാൽ ബ്രസീലിന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ക്രോയേഷ്യ സമനില ഗോൾ നേടി.മിസ്ലാവ് ഒർസിക് കൊടുത്ത പാസിൽ നിന്നും ബ്രൂണോ പെറ്റ്കോവിച്ച് മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയിലാക്കി.മത്സരത്തിൽ ഗോളിലേക്കുള്ള ക്രോയേഷ്യയുടെ ആദ്യ ഷോട്ട് കൂടിയായിരുന്നു ഇത്.അവസാന നിമിഷം ബ്രസീലിനു ഗോൾ നേടാൻ സുവര്ണാവസം ലഭിച്ചു .എന്നാൽ കസെമിറോയുടെ ഷോട്ട് കീപ്പർ തട്ടിയകറ്റി.

ആദ്യ കിക്ക് എടുത്ത നികോള ക്രൊയേഷ്യക്ക് ആയി പന്ത് വലയിൽ എത്തിച്ചു. ബ്രസീലിനായി ആദ്യ കിക്ക് എടുത്തത് റോഡ്രിഗോ ആയിരുന്നു. ലിവകോവിച് രക്ഷകനായി എത്തി. ക്രൊയേഷ്യ 1-0 ബ്രസീൽ. ക്രൊയേഷ്യയുടെ രണ്ടാം പെനാൾട്ടിയും വലയിൽ. ബ്രസീലിന്റെ രണ്ടാം കിക്ക് എടുത്ത കസെമിറോ കോർണറിൽ പന്ത് എത്തിച്ചു.മൂന്നാം കിക്ക് എടുക്കാൻ എത്തിയത് മോഡ്രിച്. അനായാസം പന്ത് വലയിൽ. ബ്രസീലിനായി മൂന്നാം കിക്ക് എടുത്തത് പെഡ്രോ‌. അദ്ദേഹവും പന്ത് വലയിൽ എത്തിച്ചു. അവസാനം മാർക്കിനോസ് കിക്ക് എടുക്കാൻ എത്തുമ്പോൾ ആ കിക്ക് വലിയിൽ എത്തിയേ മതിയാകൂ എന്ന അവസ്ഥ ആയിരുന്നു. പക്ഷെ അത് പോസ്റ്റിൽ തട്ടി മടങ്ങി.ക്രൊയേഷ്യ സെമിയിലെത്തി.

Rate this post
BrazilFIFA world cupQatar2022