ഡാനി ആൽവസിന്റെ ലോകകപ്പ് മോഹങ്ങൾക്ക് വലിയ തിരിച്ചടി ,ഖത്തർ 2022 നഷ്ടമായേക്കാം |Qatar 2022|Dani Alves

വെറ്ററൻ ബ്രസീലിയൻ ഡിഫൻഡർ ഡാനി ആൽവസിന് ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ് നഷ്ടപ്പെടാൻ സാധ്യത.കാൽമുട്ടിനേറ്റ പരിക്ക് ആണ് മുൻ ബാഴ്സ താരത്തിന് തിരിച്ചടിയാവുന്നത്.പരിശീലനത്തിനിടെ അസ്ഥിബന്ധത്തിന് കേടുപാടുകൾ സംഭവിച്ചതായി സംശയിക്കുന്നതിനെത്തുടർന്ന് ശനിയാഴ്ച ജുവാരസിനെതിരായ മെക്സിക്കൻ ലിഗ MX റെഗുലർ സീസണിലെ പ്യൂമാസിന്റെ അവസാന മത്സരത്തിൽ നിന്ന് ആൽവ്സ് പുറത്തായിരുന്നു.

“വലത് കാൽമുട്ടിന്റെ മധ്യഭാഗത്തെ കൊളാറ്ററൽ ലിഗമെന്റിന് പരിക്കേറ്റതിനാൽ ഡാനി ആൽവ്സ് മത്സരത്തിന് ലഭ്യമാവില്ല. അദ്ദേഹം ഇപ്പോഴും ഇപ്പോഴും ക്ലബ്ബിന്റെ മെഡിക്കൽ ടീമിന്റെ പരിശോധനയിലാണ് “പ്യൂമാസ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം ജൂലൈയിൽ ആണ് ആൽവ്‌സ് മെക്സിക്കൻ പ്യൂമാസിൽ ചേർന്നത്.കാൽമുട്ടിനേറ്റ പരുക്ക് കാരണം റഷ്യയിൽ നടന്ന അവസാന പതിപ്പ് നഷ്‌ടമായതിന് ശേഷം – നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ബ്രസീലിന്റെ ടീമിന്റെ ഭാഗമാകാനുള്ള തന്റെ ആഗ്രഹം റൈറ്റ് ബാക്ക് മുമ്പ് പരസ്യമാക്കിയിരുന്നു.

ബാഴ്‌സലോണ കരാർ നീട്ടി കൊടുക്കാതെ ഇരുന്നതോടെയാണ് ഡാനി ആൽവസ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറിയത്. ഒരു വർഷത്തെ കരാറിലാണ് 39 കാരൻ മെക്സിക്കൻ ക്ലബ്ബിലെത്തിയത്. എന്നാൽ പ്യൂമാസിൽ മുൻ ബാഴ്‌സലോണ ഫുൾ ബാക്കിന്റെ വരവ് ഇതുവരെ ആഗ്രഹിച്ച ഫലമുണ്ടാക്കിയിട്ടില്ല.ബ്രസീലിയൻ ക്ലബ് ബാഹിയയിലൂടെ കളി ആരംഭിച്ചആൽവസ് 2002 ൽ സ്പാനിഷ് ക്ലബായ സെവിയ്യയിൽ ചേർന്നു.2008 വരെ സെവിയ്യയിൽ തുടർന്ന ആൽവസ് കോപ്പ ഡെൽ റേ, സൂപ്പർകോപ്പ ഡി എസ്പാന, രണ്ട് യുവേഫ കപ്പുകൾ, ഒരു യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ നേടി.2008 ൽ പുതുതായി നിയമിതനായ പെപ് ഗാർഡിയോള അദ്ദേഹത്തെ ബാഴ്സലോണയിൽ എത്തിച്ചു.കാറ്റലോണിയയിൽ എത്തിയതിനു ശേഷം താരത്തിന്റെ വളർച്ച പെട്ടെന്ന് തന്നെയായിരുന്നു ലോക ഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആയി ആൽവസ് മാറി.

ആറ് ലാലിഗ കിരീടങ്ങൾ, നാല് കോപ്പ ഡെൽ റേ കിരീടങ്ങൾ, നാല് സൂപ്പർകോപ്പ ഡി എസ്പാന കിരീടങ്ങൾ, മൂന്ന് ചാമ്പ്യൻസ് ലീഗ്, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പുകൾ, മൂന്ന് ക്ലബ് ലോകകപ്പുകൾ എന്നിവ നേടി. എട്ടു വർഷത്തെ ബാഴ്സ ജീവിതത്തിനു ശേഷം ഒരു വിവാദപരമായ സാഹചര്യങ്ങളിൽ 2016 ൽ യുവന്റസിലേക്ക് ചേക്കേറി. ഒരു സീസൺ ഇറ്റലിയിൽ ചിലവഴിച്ച താരം സീരി എയും കോപ്പ ഇറ്റാലിയയും നേടി.ബ്രസീലിയൻ ബാഴ്സ സഹ താരമാവുമായ നെയ്മറുമായി ഒന്നിക്കുന്നതിനായി 2017 ൽ താരം പിഎസ്ജി യിലെത്തി.

ഫ്രഞ്ച് തലസ്ഥാനത്ത് അദ്ദേഹം രണ്ട് സീസണുകൾ ചെലവഴിച്ചു, ലിഗ് 1 രണ്ടുതവണ, കൂപ്പെ ഡി ഫ്രാൻസ്, കൂപ്പെ ഡി ലാ ലിഗ്, ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവ നേടി.2019 ൽ പാരീസ് വിട്ട ആൽവസ് ബ്രസീലിലേക്ക് തിരിച്ചു സാവോ പോളോയിൽ ചേർന്നു.അവിടെ അദ്ദേഹം വീണ്ടും വിജയം ആസ്വദിച്ചു, 2021 ൽ കാംപിയോനാറ്റോ പോളിസ്റ്റ ഉയർത്തി. ബ്രസീലിനൊപ്പം 2007 ,2019 കോപ്പ കിരീടവും 2009 ,2013 ലും കോൺഫെഡറേഷൻ കപ്പും ഒളിമ്പിക്സ് സ്വർണവും നേടി.