ഡാനി ആൽവസ് ബാഴ്സലോണയിലേക്ക് തിരികെയെത്തുന്നു

ബ്രസീലിയൻ റൈറ്റ് ബാക്ക് ഡാനി ആൽവേസ് സാവോ പോളോയുമായി കരാർ അവസാനിപ്പിച്ചിരിക്കുകയാണ്. ആൽവസിന് വേതനം നല്കാൻ സാവോ പോളോക്ക് കഴിയാതിരുന്നതോടെ കരാർ അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോൾ മുൻ ബാർസ, പിഎസ്ജി, യുവന്റസ് റൈറ്റ്-ബാക്ക് ഇപ്പോൾ ഒരു സ്വതന്ത്ര ഏജന്റാണ്.ഡാനി ആൽവസ് ബാഴ്സലോണയെ വിട്ടുപോയതിന് ആറ് വർഷത്തിന് ശേഷം ക്യാമ്പ് നൗവിലേക്ക് തിരികെ വരൻ തയ്യാറാണെന്ന് അറിയിച്ചു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഡാനി ആൽവസിന് എഫ്‌സി ബാഴ്‌സലോണയിലേക്ക് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്താനാകും.

ബ്രസീലിയൻ ഔട്ട്‌ലെറ്റ് യു‌ഒ‌എൽ എസ്‌പോർട്ടിന്റെ അഭിപ്രായത്തിൽ, ബാഴ്‌സലോണ ക്ലബ്ബിലേക്കുള്ള തന്റെ തിരിച്ചുവരവ് ചർച്ച ചെയ്യുന്നതിനായി റൈറ്റ് ബാക്ക് ഈ ആഴ്ച ബാഴ്‌സലോണ ബോർഡുമായി കൂടിക്കാഴ്ച നടത്തും. സെർജിനോ ഡെസ്റ്റും സെർജി റോബർട്ടോയും മാത്രമുള്ളതിനാൽ റൈറ്റ് ബാക്ക് പൊസിഷൻ തങ്ങൾ ശക്തിപ്പെടുത്തേണ്ട ഒരു മേഖലയാണെന്ന് കറ്റാലൻ ക്ലബ്ബ് കരുതുന്നു. ഫ്രീ ഏജന്റായ ആൽവസിന് ബ്രസീലിൽ തുടരുക എന്നതായിരുന്നു പ്രാഥമിക ഉദ്ദേശം , ഫ്ലുമിനെൻസുമായി അദ്ദേഹം ചർച്ചകൾ നടത്തി, എന്നാൽ ബാഴ്‌സലോണയിലേക്ക് മടങ്ങാനുള്ള സാധ്യത അദ്ദേഹത്തെ മനസ്സ് മാറ്റാൻ പ്രേരിപ്പിച്ചു, അതിനാൽ ബ്രസീലിൽ ഉണ്ടായിരുന്ന എല്ലാ ഓഫറുകളും അദ്ദേഹം നിരസിച്ചു.

ഈയാഴ്‌ച നടക്കുന്ന ചർച്ചകളിൽ താരത്തിന് എത്ര വർഷത്തെ കരാർ നൽകുമെന്നതും ശമ്പളവും മറ്റുമായിരിക്കും പ്രധാനമായും വിഷയമാവുക. പുതിയ മാനേജർ സാവി ഹെർണാണ്ടസിന്റെ വരവ് മുൻ സഹതാരത്തിന്റെ ക്ലബിലേക്കുള്ള വരവിനെ പിന്തുണയ്ക്കും. ആൽവസുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും ക്യാമ്പ് നൗവിലേക്ക് മടങ്ങാൻ അദ്ദേഹം തയ്യാറാണെന്നും ലാലിഗ ക്ലബ് സ്ഥിരീകരിച്ചു.ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ആൽവസിന് ഒരു കണ്ണുണ്ട്, അത് തന്റെ ദേശീയ ടീമിനൊപ്പമുള്ള അവസാനത്തെ പ്രധാന ടൂർണമെന്റായിരിക്കും. കറ്റാലൻ ക്ലബിനായി കളിക്കുന്നത് അടുത്ത വർഷം ഖത്തറിലേക്ക് പോകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ബ്രസീലിയന് അറിയാം.ബാഴ്‌സലോണ ആൽവ്‌സിനെ പല തരത്തിൽ വളരെ ഉപയോഗപ്രദമായ കൂട്ടിച്ചേർക്കലായി കാണുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ കളിക്കാരന്റെ അനുഭവങ്ങൾ ടീമിന് കൂടുതൽ ഗുണം ചെയ്യും.അതിനൊപ്പം സെർജിനോ ഡെസ്റ്റ് പോലെയുള്ള യുവതാരങ്ങളെ തേച്ചുമിനുക്കി മൂർച്ച കൂട്ടാനും ആൽവ്സിന്റെ സാന്നിധ്യം കൊണ്ടു കഴിയും.

2002 ൽ സ്പാനിഷ് ക്ലബായ സെവിയ്യയിൽ ചേർന്ന ഡാനി 2002 മുതൽ 2008 വരെ സെവിയ്യയിൽ തുടർന്ന ആൽവസ് കോപ്പ ഡെൽ റേ, സൂപ്പർകോപ്പ ഡി എസ്പാന, രണ്ട് യുവേഫ കപ്പുകൾ, ഒരു യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ നേടി.2008 ൽ പുതുതായി നിയമിതനായ പെപ് ഗാർഡിയോള അദ്ദേഹത്തെ ബാഴ്സലോണയിൽ എത്തിച്ചു.കാറ്റലോണിയയിൽ എത്തിയതിനു ശേഷം താരത്തിന്റെ വളർച്ച പെട്ടെന്ന് തന്നെയായിരുന്നു ലോക ഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആയി ആൽവസ് മാറി.ആറ് ലാലിഗ കിരീടങ്ങൾ, നാല് കോപ്പ ഡെൽ റേ കിരീടങ്ങൾ, നാല് സൂപ്പർകോപ്പ ഡി എസ്പാന കിരീടങ്ങൾ, മൂന്ന് ചാമ്പ്യൻസ് ലീഗ്, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പുകൾ, മൂന്ന് ക്ലബ് ലോകകപ്പുകൾ എന്നിവ നേടി. എട്ടു വർഷത്തെ ബാഴ്സ ജീവിതത്തിനു ശേഷം ഒരു വിവാദപരമായ സാഹചര്യങ്ങളിൽ 2016 ൽ യുവന്റസിലേക്ക് ചേക്കേറി. ഒരു സീസൺ ഇറ്റലിയിൽ ചിലവഴിച്ച താരം സീരി എയും കോപ്പ ഇറ്റാലിയയും നേടി.

ബ്രസീലിയൻ ബാഴ്സ സഹ താരമാവുമായ നെയ്മറുമായി ഒന്നിക്കുന്നതിനായി 2017 ൽ താരം പിഎസ്ജി യിലെത്തി.ഫ്രഞ്ച് തലസ്ഥാനത്ത് അദ്ദേഹം രണ്ട് സീസണുകൾ ചെലവഴിച്ചു, ലിഗ് 1 രണ്ടുതവണ, കൂപ്പെ ഡി ഫ്രാൻസ്, കൂപ്പെ ഡി ലാ ലിഗ്, ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവ നേടി.2019 ൽ പാരീസ് വിട്ട ആൽവസ് ബ്രസീലിലേക്ക് തിരിച്ചു സാവോ പോളോയിൽ ചേർന്നു.അവിടെ അദ്ദേഹം വീണ്ടും വിജയം ആസ്വദിച്ചു, 2021 ൽ കാംപിയോനാറ്റോ പോളിസ്റ്റ ഉയർത്തി. ബ്രസീലിനൊപ്പം 2007 ,2019 കോപ്പ കിരീടവും 2009 ,2013 ലും കോൺഫെഡറേഷൻ കപ്പും ഒളിമ്പിക്സ് സ്വർണവും നേടി.