ഈ സീസൺ അവസാനിക്കുന്നതോട് കൂടി ഫ്രീ ഏജന്റ് ആവുന്ന പ്രമുഖ താരങ്ങളിൽ ഒരാളാണ് ബയേൺ മ്യൂണിക്കിന്റെ ഡേവിഡ് അലാബ. 2021 സമ്മർ ട്രാൻസ്ഫറിൽ താരം ഫ്രീ ഏജന്റ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബയേണുമായി കരാർ പുതുക്കാൻ താരം ഇതുവരെ തയ്യാറായിട്ടില്ല. അവസാനമായി ബയേൺ മുന്നോട്ട് വെച്ച ഓഫറും താരം തള്ളികളയുകയായിരുന്നു.
ഓസ്ട്രിയൻ താരമായ അലാബയുടെ കരാർ അടുത്ത വർഷം ജൂലൈയിൽ അവസാനിക്കും. കൂടുതൽ വേതനം വേണം എന്ന് ആവിശ്യപ്പെട്ടാണ് താരം കരാർ പുതുക്കാതിരുന്നത്. താരവുമായി ഈ ജനുവരിയിൽ തന്നെ പ്രീ അഗ്രിമെന്റിൽ എത്താം എന്നിരിക്കെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ തന്നെ താരത്തിനായി രംഗത്ത് വന്നിട്ടുണ്ട്.ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, യുവന്റസ് എന്നിവർക്ക് പുറമെ ഇപ്പോൾ റയൽ മാഡ്രിഡും താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
ഇരുപത്തിയെട്ടുകാരനായ താരത്തിന്റെ ഏജന്റ് റയൽ മാഡ്രിഡുമായി ചർച്ചകൾ ആരംഭിച്ചു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഭീമമായ സാലറിയാണ് താരം ആവിശ്യപ്പെടുന്നത്. അത്കൊണ്ട് തന്നെ റയൽ എത്രത്തോളം സമ്മതിക്കും എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്. പക്ഷെ റയൽ പരിശീലകൻ സിദാന് താല്പര്യമുള്ള താരമാണ് അലാബ. പ്രതിരോധനിരയിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള താരം കൂടിയാണ് അലാബ.
2009-ലായിരുന്നു താരം ബയേണിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇതുവരെ നാന്നൂറോളം മത്സരങ്ങൾ താരം കളിച്ചു കഴിഞ്ഞു. ഒമ്പത് ബുണ്ടസ്ലിഗയും ആറു ഡിഎഫ്ബി പോക്കലും രണ്ട് ചാമ്പ്യൻസ് ലീഗും താരം നേടിയിട്ടുണ്ട്. താരത്തെ പരമാവധി നിലനിർത്താൻ ബയേൺ ശ്രമിച്ചുവെങ്കിലും സാധിച്ചിട്ടില്ല.