കഴിഞ്ഞ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് ലഭിക്കുന്നതിൽ ലയണൽ മെസ്സിയെ പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്. പ്രത്യേകിച്ച് നെതർലാൻഡ്സിനെതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടിലും ഫ്രാൻസിനെതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടിലുമൊക്കെ അദ്ദേഹത്തിന്റെ മികവാണ് അർജന്റീനക്ക് തുണയായിട്ടുള്ളത്.വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള അവാർഡ് ഖത്തറിൽ സ്വന്തമാക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഏത് വിധേനയും ഒന്നോ രണ്ടോ പെനാൽറ്റികൾ തനിക്ക് അനുകൂലമാക്കാൻ എമിക്ക് സാധിക്കാറുണ്ട്. മാത്രമല്ല ഫ്രാൻസിനെതിരെയുള്ള ഫൈനൽ മത്സരത്തിന്റെ അവസാന സെക്കൻഡിൽ മുവാനിയുടെ ആ ഷോട്ട് എമി തടഞ്ഞിട്ടത് ഇന്നും നെഞ്ചിടിപ്പോട് കൂടിയാണ് ആരാധകർ ഓർക്കുന്നത്. അർജന്റീന സമീപകാലത്ത് സ്വന്തമാക്കിയ കിരീടങ്ങളിലെല്ലാം എമിലിയാനോ മാർട്ടിനസിന്റെ പങ്ക്,അത് വിസ്മരിക്കാൻ സാധിക്കാത്തതാണ്. അതുകൊണ്ടുതന്നെ എല്ലാ അർജന്റീന താരങ്ങളും എമിയെ വളരെയധികം പ്രശംസിച്ചുകൊണ്ടാണ് സംസാരിക്കാറുള്ളത്.
ഡി മരിയയും ഇപ്പോൾ അതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് പെനാൽറ്റി ഷൂട്ടൗട്ടുകൾക്ക് മുമ്പ് എമി മാർട്ടിനസ് തങ്ങളോട് ശാന്തരാവാൻ ആവശ്യപ്പെടാറുണ്ട് എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. ഒന്നോ രണ്ടോ പെനാൽറ്റികൾ രക്ഷപ്പെടുത്തുമെന്നുള്ള വാഗ്ദാനം അദ്ദേഹം തങ്ങൾക്ക് നൽകാറുണ്ടെന്നും അത് പാലിക്കാറുണ്ടെന്നും ഡി മരിയ പറഞ്ഞു. പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു ഡി മരിയ.
‘എമിലിയാനോ മാർട്ടിനസ് ഉണ്ടെങ്കിൽ പെനാൽറ്റികളിൽ ഞങ്ങൾ കൂടുതൽ ശാന്തരായിരിക്കും. അദ്ദേഹം ഞങ്ങളോട് ശാന്തരാവാൻ ആവശ്യപ്പെടാറുണ്ട്. പേടിക്കേണ്ട കാര്യമില്ല എന്ന് അദ്ദേഹം പറയും. ഒന്നോ രണ്ടോ പെനാൽറ്റികൾ രക്ഷപ്പെടുത്തുമെന്ന് അദ്ദേഹം വാഗ്ദാനം നൽകുകയും അത് പാലിക്കുകയും ചെയ്യും. ഞങ്ങൾക്ക് ഒരുപാട് സമാധാനം നൽകാൻ അദ്ദേഹത്തിന് സാധിക്കും. ഞങ്ങൾ ഗോളടിച്ചാൽ മാത്രം മതി, ബാക്കിയുള്ളതൊക്കെ അദ്ദേഹം നോക്കിക്കൊള്ളുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.ഓരോ പെനാൽറ്റിയും വളരെ സൂക്ഷ്മപൂർവമാണ് അദ്ദേഹം നേരിടുക. അതുകൊണ്ടുതന്നെ അദ്ദേഹം അഞ്ചെണ്ണത്തിൽ ഏതെങ്കിലുമൊക്കെ ഒന്ന് സേവ് ചെയ്യുമെന്ന് നമുക്ക് ഉറപ്പാണ് ‘ ഇതാണ് ഡി മരിയ അർജന്റീന ഗോൾകീപ്പറെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
Remembering the greatest save in World Cup history, we owe you this joy for life, Emiliano Martinez!
— Leo Messi (@Messi_10_30) January 20, 2023
pic.twitter.com/asNTZB1BGQ
കഴിഞ്ഞ കോപ്പ അമേരിക്കയിലും അർജന്റീന രക്ഷപ്പെടുത്തിയിട്ടുള്ള ഗോൾകീപ്പർ ആണ് എമിലിയാനോ മാർടിനസ്. തന്റെ ക്ലബ്ബായ ആസ്റ്റൺ വില്ലക്ക് വേണ്ടിയും അദ്ദേഹം മികച്ച പ്രകടനം നടത്താറുണ്ട്.