ഒന്ന് ശാന്തരാകുവീൻ :അർജന്റീന ആരാധകരോട് ഡി പോൾ |Rodrigo De Paul

വരുന്ന ഖത്തർ വേൾഡ് കപ്പിന് നാളുകൾ എണ്ണി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ഇനി ഖത്തർ വേൾഡ് കപ്പിലേക്കൊള്ളൂ. നിരവധി ടീമുകൾക്ക് ഇത്തവണ കിരീട സാധ്യത പലരും കൽപ്പിക്കപ്പെടുന്നുണ്ട്. അതിലൊരു ടീമാണ് നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീന.

മികച്ച പ്രകടനമാണ് ഇപ്പോൾ അർജന്റീന നടത്തിക്കൊണ്ടിരിക്കുന്നത്. വലിയ ഒരു അൺബീറ്റൺ റൺ അർജന്റീന നടത്തുന്നുണ്ട്. അത് തുടരാൻ ഈ മാസം നടക്കുന്ന ഫ്രണ്ട്ലി മത്സരങ്ങളിലും കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഹോണ്ടുറാസ്, ജമൈക്ക എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ഏതായാലും വരുന്ന വേൾഡ് കപ്പിന് വളരെ ആവേശത്തോടുകൂടിയാണ് അർജന്റീനയുടെ ആരാധകർ നോക്കിക്കാണുന്നത്.

എന്നാൽ ആരാധകരോട് സൂപ്പർ താരമായ ഡി പോളിന് ചില അഭ്യർത്ഥനകളൊക്കെയുണ്ട്. ഒന്ന് ശാന്തരാകാൻ ഡി പോൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധകരെ പോലെ തങ്ങളും ആവേശത്തിലാണെന്നും എന്നാൽ ഒരൊറ്റ ടീമിന് മാത്രമാണ് കിരീടം നേടാൻ സാധിക്കുക എന്നുള്ളത് മറന്നുപോകരുതെന്നും ഡി പോൾ ഓർമ്മിപ്പിച്ചിട്ടുണ്ട്.

വരുന്ന വേൾഡ് കപ്പിന്റെ കാര്യത്തിൽ ആരാധകരും ഞങ്ങളും വളരെയധികം ആവേശഭരിതരാണ്. ആത്മവിശ്വാസം ഉയർത്തുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.പക്ഷേ നമ്മൾ കുറച്ച് ശാന്തത പാലിക്കേണ്ടിയിരിക്കുന്നു.കാരണം ഒരൊറ്റ ടീം മാത്രമാണ് വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളത് മറന്നുപോകാൻ പാടില്ല. ഇത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ടൂർണമെന്റ് ആണ്. 1930 ൽ തുടങ്ങിയ ഈ ടൂർണമെന്റ് രണ്ടേ രണ്ട് തവണ മാത്രമാണ് നമുക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങൾ ഉണ്ടായിട്ടുപോലും രണ്ട് തവണയാണ് നമ്മൾ നേടിയിട്ടുള്ളത്. ഇത് അതിന്റെ ബുദ്ധിമുട്ടിനെയാണ് കാണിച്ചുതരുന്നത്.’

‘ഇതുവരെ ഈ ജേഴ്സിയെ പ്രതിനിധീകരിച്ചുകൊണ്ട് ചെയ്ത കാര്യങ്ങൾ തുടരാൻ വേൾഡ് കപ്പിലും കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഈ മാസത്തെ മത്സരങ്ങൾ നല്ല രൂപത്തിൽ പൂർത്തിയാക്കിക്കൊണ്ട് ആത്മവിശ്വാസം ഉയർത്താൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു’ ഇതാണ് അത്ലറ്റിക്കോ മാഡ്രിഡ് താരം കൂടിയായ ഡി പോൾ പറഞ്ഞത്.

ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻമാരെ നേരിടേണ്ടി വരുന്നില്ല എന്നുള്ളത് അർജന്റീനക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.സൗദി അറേബ്യ,പോളണ്ട്, മെക്സിക്കോ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.എന്നാൽ ഈ എതിരാളികളെ ഒരിക്കലും അർജന്റീനക്ക് തള്ളിക്കളയാൻ കഴിയുക ഇല്ലതാനും.

Rate this post
ArgentinaRodrigo De Paul