ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി. പോയിന്റ് പട്ടികയിലെ 16-ാം സ്ഥാനക്കാരായ എവര്ട്ടണ് പട്ടികയിലെ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ എവര്‍ട്ടണിന്റെ ജയം.2010 ന് ശേഷം ഗുഡിസൺ പാർക്കിൽ നടന്ന മെഴ്സിസൈഡ് ഡെർബിയിൽ എവർട്ടൺ തങ്ങളുടെ ആദ്യ വിജയമാണ് നേടിയത്.
ജർഗൻ ക്ലോപ്പിൻ്റെ ടീം ഒന്നാം സ്ഥാനക്കാരായ ആഴ്സണലിൽ നിന്ന് മൂന്ന് പോയിൻ്റ് അകലെയാണ്.രണ്ട് മത്സരങ്ങൾ കൈയിലുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മുന്നിലാണ്. ഇരു പകുതികളിലുമായി ജറാഡ് ബ്രാന്ത്വെയ്റ്റിൻ്റെയും ഡൊമിനിക് കാൽവർട്ട് ലെവിൻ്റെയും ഗോളുകളാണ് എവര്ട്ടന് വിജയം നേടിക്കൊടുത്തത്.ഗുഡിസണിലേക്കുള്ള തൻ്റെ മുൻ എട്ട് സന്ദർശനങ്ങളിൽ ക്ലോപ്പ് ഒരിക്കലും തോറ്റിട്ടില്ലെങ്കിലും മെർസിസൈഡ് ഡെർബിയുടെ അവസാന രുചി കയ്പേറിയതായിരുന്നു. എവര്‍ട്ടണിനെതിരായ തോല്‍വിയോടെ ലിവര്‍പൂളിന് ലീഗില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം നിര്‍ണായകമായിരിക്കുകയാണ്.
വെസ്റ്റ്ഹാം, ടോട്ടൻഹാം, ആസ്റ്റണ്‍വില്ല, വോള്‍വ്സ് ടീമുകള്‍ക്കെതിരെയാണ് ലിവര്‍പൂളിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.27-ാം മിനിറ്റില്‍ ജറാഡ് ബ്രാന്ത്വൈറ്റാണ് ആതിഥേയര്‍ക്കായി ആദ്യ ഗോള്‍ നേടിയത്. ലിവര്‍പൂള്‍ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് എവര്ട്ടണ് ആദ്യ ഗോള്‍ എതിരാളികളുടെ വലയിലെത്തിച്ചത്.58-ാം മിനിറ്റില്‍ എവര്ട്ടണ് ലീഡ് ഉയര്‍ത്തി. ഡൊമനിക്ക് കാള്‍വെര്‍ട്ട് ലൂയിൻ ആയിരുന്നു ഗോള്‍ സ്കോറര്‍.കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറിലൂടെയാണ് ഡൊമനിക്ക് ലക്ഷ്യം കണ്ടത്.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഷെഫീൽഡ് യുണൈറ്റഡിനെ പരിചയപെടുത്തി. ഇരട്ട ഗോളുകൾ നേടിയ ബ്രൂണോ ഫെർണാണ്ടസിന്റെ മികവിലാണ് രണ്ടു തവണ പുറകിൽ നിന്ന ശേഷവും യുണൈറ്റഡ് വിജയം നേടിയെടുത്തത്.ഹാരി മഗ്വയര്‍, റാസ്മസ് ഹൊയ്ലുണ്ട് എന്നിവരാണ് യുണൈറ്റഡിന്റെ മറ്റു ഗോളുകൾ നേടിയത്.35-ാം മിനിറ്റിൽ ജെയ്ഡൻ ബോഗ്ലെ ഷെഫീൽഡിനെ മുന്നിലെത്തിച്ചു.മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പര്‍ ഒനാനയുടെ പിഴവില്‍ നിന്നായിരുന്നു ഗോൾ നേടിയത്.
ഹാഫ് ടൈമിന് മുമ്പ് ഹാരി മാഗ്വയർ യൂണൈറ്റഡിനായി സമനില പിടിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വീണ്ടും ലീഡ് തിരിച്ച് പിടിക്കാൻ ഷെഫീല്‍ഡ് യുണൈറ്റഡിന് സാധിച്ചു. ബെൻ ബെരെറ്റണ് ഡിയസ് ആയിരുന്നു ഷെഫീല്‍ഡിനായി രണ്ടാം ഗോള്‍ നേടിയത്. 61-ാം മിനിറ്റില്‍ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിൽ യുണൈറ്റഡ് സമനില പിടിച്ചു.81-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പൻ ഒരു ലോങ് റേഞ്ചര്‍ ഷെഫീല്‍ഡ് യുണൈറ്റഡിന്റെ വലയിലെത്തിയതോടെ സ്കോർ 3 -2 ആയി.
85-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിൽ നിന്നും റാസ്മസ് ഹൊയ്ലുണ്ട് യുണൈറ്റഡിന് നാലാം ഗോള്‍ നേടി.ജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്താൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി. 33 മത്സരങ്ങളില്‍ 53 പോയിന്റാണ് അവർക്കുള്ളത്.