ഡോർട്മുണ്ടിൽ നിന്നും സഞ്ചോയെ സ്വന്തമാക്കുക ശ്രമകാരമാണെന്ന് മനസ്സിലാക്കിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പദ്ധതിയിലുള്ള താരമാണ് ബാഴ്സയുടെ ഊസ്മാൻ ഡെമ്പെലെ. എന്നാൽ കഴിഞ്ഞ സെൽറ്റ വിഗോയുമായി നടന്ന മത്സരത്തിൽ താരത്തെ ബെഞ്ചിലിരുത്തിയതിന്റെ കാരണം ആരാധകർക്കിടയിൽ ചോദ്യചിഹ്നമായിരുന്നു. താരം ക്ലബ്ബ് വിടാനൊരുങ്ങുകയാണോയെന്നും ആരാധകർക്കിടയിൽ അഭ്യുഹങ്ങളുണ്ടായിരുന്നു.
ഒപ്പം ട്രെയിനിങ്ങിനു വൈകി വന്നതിനാൽ വലിയ തോതിൽ വിമര്‍ശനങ്ങൾക്കും ഡെമ്പെലെ പാത്രമായിരുന്നു. 15 മിനുട്ടു വൈകിയാണ് താരം ട്രെയിനിങ്ങിനത്തിയത്. അതിനുള്ള ശിക്ഷയായാണ് താരത്തിനെ ഒഴിവാക്കിയതെന്നും കിംവാദണ്ടികളുണ്ടായിരുന്നു.എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കൂമാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സെലിറ്റക്കെതിരായ മത്സരത്തിൽ മൂന്നു ഗോളുകൾക്കാണ് ബാഴ്സ വിജയം നേടിയത്. അൻസു ഫാറ്റിയുടെ വിസ്മയ ഗോളും മെസിയുടെ മുന്നേറ്റത്തിലൂടെ ലഭിച്ച ഓൺ ഗോളും അധികസമയത്ത് റോബെർട്ടോയുടെ മിന്നൽ ഗോളുമാണ് ബാഴ്സക്ക് സെൽറ്റയുടെ തട്ടകത്തിൽ വിജയം സമ്മാനിച്ചത്. എന്നാൽ ഡെംബലെയെ അവസാന നിമിഷം വരെ ബെഞ്ചിലിരുത്തിയതിന്റെ കാരണം താത്രപരമായ തീരുമാനമാണെന്നാണ് കൂമാന്റെ വിശദീകരണം. മത്സരശേഷം കൂമാൻ അതിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
താരത്തിന്റെ ട്രാൻസ്ഫർ കിംവദന്തികൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. “അതെല്ലാം ക്ലബിനെയും താരത്തിനെയും സംബന്ധിച്ച കാര്യങ്ങളാണ്. എനിക്ക് തോന്നിയത് പെഡ്രിക്കും ട്രിന്‍കാവോക്കും ഡെമ്പെലെയേക്കാൾ പ്രതിരോധപരമായി ടീമിനെ ഒരുപാട് സഹായിക്കാൻ കഴിയുമെന്നാണ്. അതുകൊണ്ടാണ് അവരെ കളിപ്പിച്ചത്.” കൂമാൻ ഡെമ്പെലെയെക്കുറിച്ച് വ്യക്തമാക്കി.