❝ഫുട്ബോൾ ആരാധകരുടെ ഹൃദയവും മനസ്സും കവർന്നെടുക്കുന്ന ഡെന്മാർക്ക് ❞

കഴിഞ്ഞ യൂറോ കപ്പിലെ അത്ഭുത ടീമായാണ് സ്കാന്ഡിനേവിയൻ രാജയമായ ഡെന്മാർക്കിലെ കണ്ടിരുന്നത്. പ്രതികൂല സാഹചര്യങ്ങളെ തൃണവത്കരിച്ച് സെമി ഫൈനൽ വരെയുള്ള അവരുടെ പോരാട്ടത്തെ കൈയടിയോടെയാണ് ലോക ഫുട്ബോൾ എതിരേറ്റത്.യൂറോ സെമിയിൽ ഇംഗ്ലണ്ടിനെതിരെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടങ്ങിയെങ്കിലും മുഴുവൻ ഫുട്ബോൾ പ്രേമികളുടെയും ഹൃദയം സ്വന്തമാക്കിയാണ് അവർ മടങ്ങുന്നത് .ഈ യൂറോ കപ്പിലെ ഡെന്മാർക്കിനെ ഒരു ഫുട്ബോൾ പ്രേമിയും ഒരിക്കലും മറക്കാൻ പോകുന്നില്ല എന്ന് ഉറപ്പിച്ചു പറയാൻ ആകും.എന്നാൽ അവിടെ കൊണ്ടൊന്നും അവസാനിപ്പിക്കാൻ അവർക്കാവില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ഖത്തർ 2022 ലേക്കുള്ള യോഗ്യത ഡെന്മാർക്ക് ഉറപ്പിച്ചിരിക്കുന്നത്.

ജർമ്മനിക്ക് പിന്നാലെ ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായി ഡെന്മാർക്ക് മാറി. ഇന്നലെ ഓസ്ട്രിയയെ പരാജയപ്പെടുത്തിയതോടെ ആണ് ഡെന്മാർക്ക് ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. മറുപടി ഇല്ലാത്ത ഒരു ഗോളിനായിരുന്നു ഓസ്ട്രിയക്ക് എതിരെയുള്ള ഡെന്മാർക്കിന്റെ വിജയം. 53ആം മിനുട്ടിൽ മെഹെൽ ആണ് ഡെന്മാർക്കിന്റെ വിജയ ഗോൾ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇനിയും രണ്ടു മത്സരങ്ങൾ ശേഷിക്കെ ആണ് ഡെന്മാർക്ക് യോഗ്യത ഉറപ്പിച്ചത്.

ഈ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഡെന്മാർക്കിന്റെ പ്രകടനങ്ങൾ ഗംഭീരമായിരുന്നു. എട്ടു മത്സരങ്ങൾ ഇതുവരെ കളിച്ച ഡെന്മാർക്ക് എട്ടു മത്സരങ്ങളും വിജയിച്ചു. ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. 27 ഗോളുകൾ സ്കോർ ചെയ്യാനും അവർക്കായി.ഓസ്ട്രിയ,ഇസ്രായേൽ, സ്കോട്ലൻഡ്, മൊൾഡോവ ,ഫാറോ ഐലൻഡ് ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നുമാണ് അവർ യോഗ്യത ഉറപ്പാക്കിയത്.എട്ട് മത്സരങ്ങൾക്ക് ശേഷം രണ്ടാം സ്ഥാനത്തുള്ള സ്കോട്ട്ലൻഡിൽ നിന്ന് ഏഴ് പോയിന്റ് അകലെയാണ് ഡാനിഷ് ടീം.

യൂറോയിൽ ഡെന്മാർക്കിലെ പ്രകടനം അതിശയത്തോടെയാണ് നോക്കികണ്ടത്. ഫിൻലാൻഡിനെതിരായ ഡെന്മർക്കിന്റെ ടൂർണമെന്റിലെ ആദ്യ ദിവസം ആരും മറക്കില്ല. ഡെന്മാർക്ക് അനായാസം വിജയിക്കുമെന്ന് എല്ലാവരും കരുതിയ മത്സരം. അതിനിടയിൽ ഫുട്ബോൾ ലോകത്തെ ആശങ്കയിലാക്കി എറിക്സൺ ഗ്രൗണ്ടിൽ വീണതും അത് ഡെന്മാർക്ക് താരങ്ങളെ എങ്ങനെ ബാധിച്ചു എന്നതും അന്നത്തെ മത്സരത്തിന്റെ ബാക്കി നിമിഷങ്ങളിൽ കണ്ടതാണ്. അന്ന് ഫിൻലാൻഡിനോടും പിന്നാലെ ബെൽജിയത്തോടും ഡെന്മാർക്ക് പരാജയപ്പെട്ടു. ഈ യൂറോ ഡെന്മാർക്കിന് സങ്കടത്തിന്റേത് മാത്രമാണ് എന്ന് വിലയിരുത്തപ്പെട്ടു. ഡെന്മാർക്ക് പ്രീക്വാർട്ടറിലേക്ക് പൊരുതി കയറും എന്ന് ആരും കാര്യമായി പ്രതീക്ഷിച്ചില്ല.എന്നാൽ എറിക്സൺ ആശുപത്രി വിട്ടതും റഷ്യക്ക് എതിരായ മത്സരത്തിന് മുന്നോടിയായി തന്റെ സഹതാരങ്ങളോട് സംസാരിച്ചതും ഡെന്മാർക്ക് ക്യാമ്പിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കി.

പിന്നീട് പ്രീക്വാർട്ടറിൽ വെയിൽസിന് ഡെന്മാർക്കിനോട് മുട്ടി നിൽക്കാൻ പോലും ആയില്ല. അന്ന് 4-0ന്റെ വിജയം. ക്വാർട്ടറിൽ ചെക്ക് റിപബ്ലിക്കിനെയും അനായാസം ഡെന്മാർക്ക് മറികടന്നു. സെമിയിൽ ഡെന്മാർക്കിനു മുന്നിൽ ഉള്ള കടമ്പ വളരെ വലുതായിരുന്നു. തിങ്ങി നിറഞ്ഞ ഇംഗ്ലണ്ട് ആരാധകർക്ക് മുന്നിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഇംഗ്ലണ്ടിനെതിരെ കളിക്കുക എന്നത്. ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഇംഗ്ലീഷ് വലയിൽ ഒരു ഗോൾ എത്തിക്കാൻ ഡെന്മാർക്കിനായി. ദാംസ്ഗാർഡിന്റെ ആ ഗോൾ വീണപ്പോൾ ഡെന്മാർക്ക് 1992 ആവർത്തിക്കുമോ എന്ന് ആശ്ചര്യപ്പെട്ടു. പക്ഷെ ഒരു സെൽഫ് ഗോളും ഒരു പെനാൾട്ടിയും ഡെന്മാർക്ക് സ്വപ്നങ്ങൾക്ക് മേൽ വീണു. ഫൈനൽ കാണാതെ അവർ മടങ്ങി.

5.8 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ഡെന്മാർക്കിന്റെ വിജയത്തിനായി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരധകർ ഒരു പോലെ ആഗ്രഹിച്ചിരുന്നു . ഡെന്മാർക്ക് ടൂണമെന്റിൽ എവിടെ വരെ എത്തി എന്നതിന് വലിയ പ്രസക്തിയില്ല പക്ഷെ ആരാധകരുടെ ഇടയിൽ ഡാനിഷ് ടീമിന്റെ സ്ഥാനം ഹൃദയത്തിൽ തന്നെയാവും.എങ്കിലും ഡെന്മാർക്ക് യൂറോ കപ്പ് കൊണ്ട് സമ്പാദിച്ച ആരാധകർ അവർ നേടിയ ഏതു കിരീടങ്ങളേക്കാളും വലുതായിരിക്കും. ആ ആരാധരുടെ പിന്തുണ വേൾഡ് കപ്പിലും ലഭിച്ചാൽ അവിടെയും അവർ അത്ഭുതങ്ങൾ കാണിക്കണെന്നുറപ്പാണ്. 1992 ലെ യൂറോ കപ്പിൽ കിരീടം നേടി ഞങ്ങൾക്കും പലതും സാധിക്കുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്.

Rate this post