ലിയോണിന്റെ ഡച്ച് സൂപ്പർ സ്ട്രൈക്കർ മെംഫിസ് ഡീപേ ഈ ആഴ്ച്ച അവസാനം ബാഴ്സയിൽ എത്തുമെന്നായിരുന്നു ഇന്നലെ പ്രമുഖ ഡച്ച് പത്രമായ ടെലെഗ്രാഫ് അറിയിച്ചിരുന്നത്. ഡീപേയുമായും ലിയോണുമായും ബാഴ്സ കരാറിൽ എത്തിയെന്നും 25-30 മില്യൺ യുറോകൾക്കിടയിലാണ് ട്രാൻസ്ഫർ തുകയെന്നുമായിരുന്നു ഇവരുടെ വാദം. തുടർന്ന് എല്ലാവരും ഇതിനെ ഉദ്ധരിച്ചു കൊണ്ട് ഈ ട്രാൻസ്ഫർ നടന്ന രൂപത്തിൽ വാർത്തകൾ പ്രചരിപ്പിച്ചു.
എന്നാലിപ്പോൾ ട്വിസ്റ്റുളവാക്കുന്ന ഒരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ലിയോൺ പ്രസിഡന്റ് ആയ ജീൻ മിഷേൽ ഓലസ്. കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതായത് ഡീപേയെ സൈൻ ചെയ്യാനുള്ള ശേഷിയൊന്നും നിലവിൽ ബാഴ്സക്ക് ഇല്ലെന്നും അത് തന്നോട് തുറന്നു പറഞ്ഞത് ബാഴ്സ പ്രസിഡന്റ് ബർത്തോമു ആണ് എന്നുമായിരുന്നു.
” ഡീപേയുടെ കാര്യത്തിൽ മുപ്പതു മില്യൺ യുറോക്ക് ലിയോൺ ബാഴ്സയുമായി ധാരണയിൽ എത്തി എന്നുള്ള ടെലെഗ്രാഫ് വാർത്ത വ്യാജമാണ്. കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനാൽ തങ്ങൾക്ക് ഡീപേയെ സൈൻ ചെയ്യാൻ ആവില്ലെന്ന് പ്രസിഡന്റ് ബർത്തോമു ഞായറാഴ്ച എന്നെ അറിയിച്ചിരുന്നു. അത്കൊണ്ട് തന്നെ ഡീപേക്ക് വേണ്ടി ബാഴ്സ ഓഫറുകൾ നൽകിയേക്കില്ല ” ഇതായിരുന്നു ഓലസ് ട്വിറ്ററിൽ കുറിച്ചത്.
ഇതോടെ ബാഴ്സ ഈ ട്രാൻസ്ഫർ ജാലകത്തിൽ സൈനിംഗുകൾ ഒന്നും നടത്തില്ല എന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. ഇനി നടത്തണമെങ്കിൽ ആർതുറോ വിദാലിന്റെയും ലൂയിസ് സുവാരസിന്റെയും വില്പന ബാഴ്സ നടത്തണം. എന്നാൽ അതിലൂടെ ലഭിക്കുന്ന പണം വഴി മാത്രമേ താരങ്ങളെ സൈൻ ചെയ്യാൻ സാധിക്കുകയൊള്ളൂ. പുതിയ താരങ്ങളെ സൈൻ ചെയ്യൽ ബുദ്ദിമുട്ടാണ് എന്ന് കൂമാനും അറിയിച്ചിരുന്നു.