ഈ ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡ് കൂമാൻ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്നത് മൂന്ന് ഡച്ച് താരങ്ങളെ ആയിരുന്നു. ലിവർപൂൾ താരം വൈനാൾഡം, അയാക്സിന്റെ താരമായിരുന്ന ഡോണി ബീക്ക്, ലിയോൺ താരമായ ഡീപേ എന്നിവരായിരുന്നു അത്. എന്നാൽ ബീക്കിനെ യുണൈറ്റഡ് റാഞ്ചുകയും വൈനാൾഡം ലിവർപൂളിൽ തുടരാൻ തീരുമാനിക്കുകയും ചെയ്തതോടെ ആ പ്രതീക്ഷകൾ അവസാനിച്ചു. ഇനിയുള്ള കച്ചിത്തുരുമ്പ് ഡീപേയാണ്.
എന്നാൽ ഡീപേയെ വാങ്ങാനുള്ള പണം ബാഴ്സയുടെ പക്കൽ ഇല്ലെന്ന് ലിയോൺ പ്രസിഡന്റ് ഓലസ് തുറന്നു പറഞ്ഞിരുന്നു. ഇതോടെ ആ പ്രതീക്ഷകൾ അവസാനിച്ചിരുന്നു എന്നാണ് കരുതിയിരുന്നത്. എന്നാൽ നെൽസൺ സെമെഡോയെ വിറ്റു കൊണ്ട് കിട്ടുന്ന തുകക്ക് ഡീപേയെ വാങ്ങാനുള്ള ശ്രമങ്ങളാണ് ബാഴ്സ നിലവിൽ നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ ബാഴ്സയുടെ ശ്രമങ്ങളെ വിഫലമാക്കി കൊണ്ട് മുന്നേറുകയാണ് ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ.
താരത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ എസി മിലാനാണ് ഇപ്പോൾ ഒരുപടി മുന്നിൽ. ലിയോൺ നോട്ടമിട്ട എസി മിലാന്റെ ബ്രസീലിയൻ താരം ലുക്കാസ് പക്വറ്റയുടെ ട്രാൻസ്ഫറിൽ ഡീപ്പേയെ ഉൾപ്പെടുത്തണമെന്നാണ് മിലാന്റെ ആവിശ്യം. സ്കൈ ഇറ്റാലിയ, ഡയാറിയോ എഎസ് എന്നിവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. താരത്തിന് മുപ്പതു മില്യൺ യുറോ ആണ് ലിയോൺ വിലയിട്ടിരിക്കുന്നത്. പക്വറ്റയെ ഉൾപ്പെടുത്തി ബാക്കിയുള്ള തുക നൽകാൻ മിലാൻ തയ്യാറായേക്കും.
2021 ജൂലൈയിൽ ആണ് ഡീപ്പേയുടെ കരാർ അവസാനിക്കുക. താരം കരാർ പുതുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ലിയോൺ വിടണമെന്ന നിലപാടിലാണ് താരം. അതിനാൽ തന്നെ ബാഴ്സ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ താരം മിലാനെ തിരഞ്ഞെടുത്തേക്കും. മറുഭാഗത്തുള്ള പക്വറ്റക്ക് 2023 വരെ കരാർ ഉണ്ട്. പക്ഷെ താരത്തിന്റെ മോശം ഫോമാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. ആകെ 24 മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്ത താരം ഒരു ഗോൾ മാത്രമാണ് ഇതു വരെ നേടിയിട്ടുള്ളത്. ഏതായാലും ഇക്കാര്യം ബാഴ്സക്ക് തിരിച്ചടിയായിരിക്കുകയാണ്.