തോൽവിക്കിടയിലും യുവ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകൊമാനോവിച്ച് |Kerala Blasters

ഐ‌എസ്‌എല്ലിൽ ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചുനടന്ന മുംബൈ സിറ്റി എഫ്‌സിക്കെതിരായ നാലാം മത്സരത്തിൽ നിരാശാജനകമായ തോൽവി വഴങ്ങിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി ഏറ്റുവാങ്ങിയത്.കളി തുടങ്ങി 21 മിനിറ്റിനുള്ളിൽ മെഹ്താബ് സിങ്ങാണ് മുംബൈയുടെ സ്‌കോറിംഗ് തുറന്നത്.

10 മിനിറ്റിനുള്ളിൽ സന്ദർശകരുടെ ലീഡ് ഇരട്ടിയാക്കി ജോർജ്ജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി ഉറപ്പാക്കി. തോൽവിയിലും ഈ സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ ഇടം പിടിച്ച രാഹുൽ കെപി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.മത്സരത്തിന് ശേഷം യുവ വിംഗറുടെ പ്രകടനത്തെ പരിശീലകൻ വുകോമാനോവിച്ച് പ്രശംസിക്കുകയും ചെയ്തു.രാഹുലിന്റെ സ്കില്ലുകളും ​ഗോൾശ്രമങ്ങളുമെല്ലാം വളരെ വലിയ കൈയ്യടിയൊടെയാണ് സ്റ്റേഡിയത്തിലെ കാണികൾ സ്വീകരിച്ചത്.

രാഹുലിനെ എന്തുകൊണ്ട് വലതുവിങ്ങിൽ കളിപ്പിക്കണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തതയുണ്ടായിരുന്നു, കാരണം ആ നീക്കങ്ങളും വൺ ഓൺ വൺ സാഹചര്യങ്ങളുമൊക്കെ രാഹുൽ അങ്ങനെ സൃഷ്ടിച്ചതാണ്, സീസണിൽ രാഹുൽ സ്റ്റാർട്ടിങ് ഇലവനിൽ എത്തുന്നത് ഇതാദ്യമാണ്, എന്നാൽ മികച്ച പ്രകടനമാണ് രാഹുൽ പുറത്തെടുത്തത്, പന്ത് കൈവശം വയ്ക്കുന്നതിലും പ്രസ് ചെയ്യുന്നതിലും വ്യക്ത​ഗത നീക്കങ്ങളിലും രാഹുൽ മികവുകാട്ടി, ഇടയ്ക്ക് ഡിഫൻഡ് ചെയ്യാനും രാഹുലെത്തിയിരുന്നു, തീർച്ചയായും അപകടകാരിയായ താരമാണ് രാഹുൽ, ഇവാൻ പറഞ്ഞു.

ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിക്കുകയും മൂന്നിൽ തോൽക്കുകയും ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മൂന്ന് പോയിന്റുമായി ഐഎസ്എൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

Rate this post
Kerala Blasters