മെസിക്കൊപ്പം മികച്ച പ്രകടനം നടത്തുന്നതിനുള്ള എളുപ്പവഴി താരത്തിനു പാസ് നൽകുകയാണെന്ന് ബാഴ്സലോണ റൈറ്റ് ബാക്കായ സെർജിനോ ഡെസ്റ്റിന് ഉപദേശവുമായി ഇതിഹാസതാരം ഡാനി ആൽവസ്. ഈ സമ്മറിൽ അയാക്സിൽ നിന്നും ബാഴ്സലോണയിലേക്കു ചേക്കേറിയ ഡെസ്റ്റ് ഇതു വരെ ഒൻപതു മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ഇതുവരെ ഒരു ഗോളിൽ പോലും നേരിട്ടു പങ്കാളിയായിട്ടില്ലെങ്കിലും ബാഴ്സയുടെ ശൈലിയിൽ തനിക്കു തിളങ്ങാൻ കഴിയുമെന്ന് താരം തെളിയിക്കുന്നുണ്ട്.
ബാഴ്സലോണക്കൊപ്പം നൂറ്റിയൊന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുള്ള, എക്കാലത്തെയും മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളെന്ന ഖ്യാതിയുള്ള ഡാനി ആൽവസ് ആർഎഎസി വണിനോടു സംസാരിക്കുമ്പോഴാണ് തന്റെ പിൻഗാമിയായ അമേരിക്കൻ താരത്തിന് ഉപദേശം നൽകിയത്. “ഡെസ്റ്റിന് ഞാൻ എന്തെങ്കിലും ഉപദേശം നൽകണമെങ്കിൽ അത് എളുപ്പമാണ്. പന്ത് മെസിക്കു നൽകുക.” ആൽവസ് പറഞ്ഞു.
ഡെസ്റ്റ് ബാഴ്സലോണയിൽ തിളങ്ങാൻ സാധ്യതയുണ്ടെന്നും ആൽവസ് പറഞ്ഞു. “നിരവധി കഴിവുകൾ സ്വന്തമായുള്ള ഡെസ്റ്റ് ബാഴ്സലോണക്കൊപ്പം വിജയം നേടാനുള്ള സാധ്യതയുണ്ട്. എന്നാൽ താരതമ്യം ചെയ്യാൻ ഞാൻ ഒരുക്കമല്ല. കഫുവിനെയും എന്നെയും ഇതുപോലെ താരതമ്യം ചെയ്തിരുന്നത് തീരെ യുക്തിപരമായിരുന്നില്ല.” ആൽവസ് വ്യക്തമാക്കി.
ആൽവസാണു തന്റെ റോൾ മോഡലെന്നും താരത്തിന്റെ ശൈലിയാണു താൻ അനുകരിക്കാൻ ശ്രമിക്കുന്നതെന്നും ഡെസ്റ്റ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആൽവസിന്റെ ഉപദേശം സ്വീകരിച്ച് താരം മെസിക്കൊപ്പം കൂടുതൽ ഇണങ്ങിച്ചേർന്നാൽ അതു ബാഴ്സലോണയുടെ മികവുയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.